മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി മടക്കരയിൽ മത്തിച്ചാകര
ചെറുവത്തൂർ : മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി മടക്കര ഹാർബറിൽ മത്തിച്ചാകര. മടക്കര ഹാർബറിൽനിന്നും കടലിലിറങ്ങിയ വള്ളങ്ങളാണ് നിറയെ മത്തിയുമായി ബുധൻ പകൽ മൂന്നിന് തിരിച്ചെത്തിയത്.
ചൊവ്വ രാത്രി വൈകിയും നിറയെ മത്തിയുമായാണ് വള്ളങ്ങൾ എത്തിയത്. ചില്ലറ വിൽപ്പനക്കാരും മറ്റും ഇല്ലാത്തതിനാൽ വിവിധ ജില്ലകളിൽനിന്നെത്തിയ വാഹനങ്ങൾ മത്തി മൊത്തമായി വാങ്ങി.
കഴിഞ്ഞ ദിവസം ലഭിച്ച ചാകരയുടെ വിവരമറിഞ്ഞ് രാവിലെ തന്നെ മീൻ ലേലം കൊള്ളാൻ വിൽപ്പന തൊഴിലാളികളും എത്തി. കഴിഞ്ഞ ദിവസം വരെ ഒരു കിലോ മത്തിക്ക് 300 രൂപയായിരുന്നു മാർക്കറ്റിൽ വില. മത്തി ധാരാളമായി എത്തിയതോടെ 150 വരെ കുറഞ്ഞു. വരും ദിവസങ്ങളിലും മീൻ ചാകര ലഭിക്കുമെന്നാണ് തൊഴിലാളികളുടെ കണക്കുകൂട്ടൽ.
എന്നാൽ 52 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ പോയ ബോട്ടുകൾക്ക് കാര്യമായ മീൻ ലഭിച്ചില്ല. രാവിലെയെത്തിയ ബോട്ടുകൾക്ക് ചെമ്മീനും മറ്റ് ചെറുമീനുകളുമാണ് ലഭിച്ചത്. ചില ബോട്ടുകൾക്ക് മീൻ ലഭ്യത കുറവായതോടെ ചെലവായ തുക പോലും ലഭിച്ചതുമില്ല.
No comments