നിശ്ചയദാർഢ്യം തുണയായി, കുന്നുംവളവുകളുമുള്ള മലയോരറൂട്ടിൽ ബസ്സ് ഡ്രൈവറായി എൻ.ദീപ
ചട്ടഞ്ചാൽ : വലിയ വാഹനങ്ങളുടെ വളയം സ്ത്രീകൾക്ക് എളുപ്പം വഴങ്ങുമോയെന്ന ആശങ്കയ്ക്ക് ഉത്തരമാണ് ബാര അടുക്കത്തുവയൽ നാരായണീയത്തിലെ എൻ.ദീപയുടെ നിശ്ചയദാർഢ്യം. 36-ാം വയസ്സിൽ ഡ്രൈവറായി കുന്നുംവളവുകളുമുള്ള മലയോരറൂട്ടിൽ ബസ്സോടിക്കുമ്പോൾ പണ്ടുതൊട്ടേയുള്ള ഒരാഗ്രഹം സഫലമായ സന്തോഷമാണ് ദീപയ്ക്കിപ്പോൾ.
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽനിന്ന് രാവിലെ 7.50-ന് പുറപ്പെടുന്ന ശ്രീകൃഷ്ണ ബസിന് 9.30-ന് ബന്തടുക്ക സ്റ്റാൻഡിലെത്തണം. സാരഥിയായി ദീപ സീറ്റിലിരുന്നപ്പോൾ ബസുടമ നാട്ടുകാരനായ നിഷാന്ത് എന്ന ഗോപുവിന് ഒട്ടും സംശയമുണ്ടായിരുന്നില്ല.
വഴക്കവും തഴക്കവുമുള്ള ഡ്രൈവറെപ്പോലെ ഏറ്റവും ഗതാഗതത്തിരക്കുള്ള നേരത്ത് ദീപ കൃത്യസമയത്തുതന്നെ ലക്ഷ്യത്തിലെത്തിച്ചു. വൈകിട്ടും തിരക്കുള്ള നേരത്താണ് ശ്രീകൃഷ്ണയുടെ മടക്കയോട്ടം. 3.45-ന് ബന്തടുക്കയിൽനിന്ന് വിട്ടാൽ 5.35-ന് കാഞ്ഞങ്ങാട്ട് എത്തണം.
ഏറ്റവും കൂടുതൽ കയറ്റവും വളവുകളുമുള്ള പാതയാണ് ബന്തടുക്കയിലേക്ക്. സമയം അല്പം വൈകിയാൽ പിന്നാലെയുള്ള ബസുകാരുടെ പഴികേൾക്കണം.
ദേശീയപാതയിൽ പണി നടക്കുന്നതിനാൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മറ്റൊരു പ്രശ്നം. രാവിലെയും വൈകിട്ടും സ്കൂൾ-കോളേജ് വിദ്യാർഥികളുടെ തിരക്കുമൂലം ഉണ്ടാകുന്ന സമയനഷ്ടം വേറെയും. രാവിലെ ഏഴിന് പൊയിനാച്ചിയിൽനിന്ന് തുടങ്ങുന്ന ശ്രീകൃഷ്ണയുടെ ട്രിപ്പ് അവസാനിക്കുന്നതും പൊയിനാച്ചിയിൽത്തന്നെ -വൈകിട്ട് 6.25-ന്.
മൂന്നാഴ്ച മുൻപ് വളയം പിടിച്ചുതുടങ്ങുമ്പോൾ മറ്റുള്ളവർ ആശങ്കപ്പെട്ടെങ്കിലും ദീപ ശുഭയാത്ര പൂർത്തിയാക്കി. ഒഴിവ് കിട്ടുന്ന വേളകളിൽ ഡ്രൈവർക്കുപ്പായം അണിയാനാണ് ദീപയുടെ തീരുമാനം.
പതിവ് ഡ്രൈവർക്ക് അവധിയെടുക്കേണ്ടിവന്നാൽ ബസുടമ നിഷാന്തിന് മറ്റൊരാളെ തേടിയലയേണ്ട. ബന്ധുകൂടിയായ ദീപ ഒരുവിളിപ്പുറത്തുണ്ട്. മുൻ പ്രവാസി അടുക്കത്തുവയലിലെ എം.രാധാകൃഷ്ണന്റെ ഭാര്യയാണ് ദീപ.
2008-ൽ ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ ദീപയ്ക്ക് വീട്ടിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ഓടിച്ചുനോക്കിയതോടെയാണ് ബസ് വളയം പിടിക്കാൻ മോഹമുണ്ടായത്. ഭർത്താവിന്റെ പ്രോത്സാഹനവുമായതോടെ നിഷാന്തും പൊയിനാച്ചിയിലെ ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഷാജിയും ഇതിന് അവസരമൊരുക്കി. കഴിഞ്ഞ നവംബറിൽ ബാഡ്‌ജോടെ ഹെവി വെഹിക്കിൾ ലൈസൻസ് നേടി. ഫാഷൻ ഡിസൈനിലും മ്യൂറൽ പെയിന്റിങ്ങിലും താത്പര്യമുള്ള ദീപ ദേളി സഅദിയ വിദ്യാലയത്തിലും പരവനടുക്കം ശിശുമന്ദിരത്തിലും ഈ രംഗത്ത് പ്രവർത്തിച്ചിരുന്നു. കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ ജില്ലാ സ്കൂൾ കായികമേളയിൽ 100, 200, 400 മീറ്റർ ചാമ്പ്യനായിരുന്നു.
കൊളത്തൂർ മടന്തക്കോട്ടെ കെ.കൃഷ്ണൻ നായരുടെയും നാരന്തട്ട വത്സലയുടെയും മകളാണ്. ചട്ടഞ്ചാലിൽ പ്ലസ്‌വൺ കൊമേഴ്സിന് പഠിക്കുന്ന ദേവദർശ്, കോളിയടുക്കം അപ്സര പബ്ലിക് സ്കൂൾ എട്ടാം തരത്തിലെ ദിൽകൃഷ്ണ, പൊയിനാച്ചി സരസ്വതി വിദ്യാലയം അഞ്ചാം തരത്തിലെ ദേവലക്ഷ്മി എന്നിവരാണ് മക്കൾ.
ഏറ്റവും തിരക്കുള്ള കാഞ്ഞങ്ങാട് ബസ്‌സ്റ്റാൻഡിൽനിന്ന് നല്ല പിന്തുണയാണ് കിട്ടുന്നതെന്ന് ദീപ പറഞ്ഞു. കഴിഞ്ഞദിവസം ഓൾ കേരള ഡ്രൈവർ ചങ്ക് ചാരിറ്റി ട്രസ്റ്റ് അനുമോദിച്ചിരുന്നു.
No comments