പുലിയംകുളം ആർടിഒ ടെസ്റ്റിങ് ഗ്രൗണ്ടിലെത്തുന്നവരുടെ പാർക്കിങ് റോഡിൽ; ബിരിക്കുളം പരപ്പ റൂട്ടിൽ യാത്ര ദുരിതം
ബിരിക്കുളം: ആർ.ടി.ഒ ടെസ്റ്റിങ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതു മൂലം വാഹന യാത്രക്കാർ ദുരിതത്തിൽ അപകട സാധ്യതയും. വെള്ളരിക്കുണ്ട് ആർടിഒ ഓഫീസിനു കീഴിൽ പുലിയംകുളത്തുള്ള ടെസ്റ്റിങ് ഗ്രൗണ്ടിനു സമീപമാണ് ഈ ദുരിതം. എല്ലാ തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ ടെസ്റ്റ് നടക്കുന്നത്. അപേക്ഷകർ കൂടുതലുള്ള സമയങ്ങളിൽ മറ്റു ദിവസങ്ങളിലും ടെസ്റ്റിങ് നടത്താറുണ്ട്. താലൂക്കിനു കീഴിലുള്ള നൂറു കണക്കിന് വാഹനങ്ങളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നത്. ബിരിക്കുളം - പരപ്പ റോഡരികിലാണ് ഇവ പാർക്ക് ചെയ്യാറ്. പാർക്കിങ്ങിനായി സൗകര്യമൊരുക്കാത്തതാണ് ഈ പ്രതിസന്ധിക്കു കാരണം. റോഡരികിൽ വലുതും ചെറുതുമായ വാഹനങ്ങൾ നിർത്തിയിടുന്നതോടെ മറ്റു വാഹനങ്ങൾ പോകാൻ ബുദ്ധിമുട്ടുകയാണ്. 2019 ലാണ് ഇവിടെ ടെസ്റ്റിങ് ഗ്രൗണ്ട് തുടങ്ങിയത്. ഇതിനോടനുബന്ധിച്ച് തന്നെ റവന്യൂ ഭൂമി ലഭ്യമായിട്ടും പാർക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇതുവരെയായും സൗകര്യമേർപ്പെടുത്തിയിട്ടില്ല. കൂടാതെ ഇവിടെയെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനോ വിശ്രമിക്കാനോ ഉള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ല. അടിയന്തിരമായി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
No comments