Breaking News

കാലാവസ്ഥാ വ്യതിയാനം: തെങ്ങുകളിലെ കീടബാധ തടയാൻ കാസർകോട്‌ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ഗവേഷണം

കാസർകോട്‌ : കാലാവസ്ഥാ വ്യതിയാനത്താൽ തെങ്ങുകളിലുണ്ടാകുന്ന പുതിയതരം കീടബാധകൾ തടയാൻ കാസർകോട്‌ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ (സിപിസിആർഐ) ഗവേഷണം തുടങ്ങിയതായി ഡയറക്ടർ കെ ബി ഹെബ്ബാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മഴയുടെയും ഈർപ്പത്തിന്റെയും കുറവും പുതിയ ഇനം വെള്ളീച്ചകളടക്കമുള്ള കീടങ്ങളുടെ ശല്യവും തെങ്ങുകളെ ബാധിക്കുന്നു. കാലാവസ്ഥാ മാറ്റവും കീടങ്ങളുടെ ആക്രമണ സാധ്യതയും മുൻകൂട്ടി അറിയാനുള്ള സംവിധാനം രൂപപ്പെടുത്താൻ മറ്റ്‌ കേന്ദ്രങ്ങളുമായി സഹകരിച്ച്‌ ഗവേഷണം നടത്തും. കാലാവസ്ഥാ വ്യതിയാനം, വിദഗ്‌ധ തൊഴിലാളികളുടെ ക്ഷാമം, കുറഞ്ഞവില, ഉയർന്ന ഉൽപ്പാദനച്ചെലവ് തുടങ്ങിയ ഭീഷണികൾ രാജ്യത്തെ നാളികേര മേഖലയെ ബാധിച്ചു. കേരളത്തിൽ തെങ്ങിന്റെ ഉത്‌പാദനം കൂട്ടാൻ കർഷകർമാത്രം വിചാരിച്ചാൽ മതിയില്ലെന്നും ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾ മുഖാന്തിരം കേന്ദ്രീകൃതമായി തെങ്ങുകൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികൾ വേണമെന്നും ഹെബ്ബാർ പറഞ്ഞു. സിപിസിആർഐ കാസർകോട്‌, നാളികേര വികസന ബോർഡ്‌ എന്നിവയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച ലോക നാളികേര ദിനം വിപുലമായി ആചരിക്കും.
സിപിസിആർഐ ഹാളിൽ രാവിലെ 10.30 ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ത്‌ലജെ ദിനാചരണം ഉദ്ഘാടനംചെയ്യും. ‘ഇന്നത്തെ തലമുറയ്ക്കും ഭാവിയ്ക്കുംവേണ്ടി നാളികേര മേഖലയെ നിലനിർത്തുക' എന്നതാണ് ദിനാചരണ വിഷയം. നാളികേര കർഷകരുടെ സംഗമത്തിൽ കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള 300 കർഷകർ പങ്കെടുക്കും. തെങ്ങിൽനിന്നുള്ള മൂല്യവർധിത ഉൽപന്ന പ്രദർശനവുമുണ്ട്‌. ഇവ നിർമിച്ച്‌ വിജയിച്ച സംരംഭകരെ ആദരിക്കും. വിദ്യാർഥികൾക്കുള്ള ദേശീയ ശിൽപശാലയുമുണ്ട്‌. സിപിസിആർഐ സോഷ്യൽ സയൻസ്‌ വിഭാഗം മേധാവി ഡോ. കെ മുരളീധരൻ, ചീഫ്‌ ടെക്‌നിക്കൽ ഓഫീസർ കെ ശ്യാമപ്രസാദ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


No comments