തൃഷ വിവാഹിതയാകുന്നു?; വരൻ മലയാളി നിർമാതാവെന്ന് റിപ്പോർട്ട്
തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ഒരു മലയാളി ചലച്ചിത്ര നിർമ്മാതാവാണ് തൃഷയുടെ വരനാകുന്നതെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റിപ്പോർട്ടുകളെ കുറിച്ച് താരം പ്രതികരിക്കുകയോ ഔദ്യോഗിക പോസ്റ്റുകളോ ഒന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.
2015-ൽ നിർമാതാവും വ്യവസായിയുമായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും മൂന്ന് മാസങ്ങൾക്ക് ശേഷം ഇരുവരും പിന്മാറുകയായിരുന്നു. പിന്നാലെ വരുൺ നിർമ്മിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചിരുന്നു. പൊന്നിയിൻ സെൽവൻ സിനിമയുമായുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തിൽ തൃഷ തന്റെ വിവാഹത്തെ കുറിച്ച് മനസു തുറന്നിരുന്നു. സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദം കൊണ്ട് വിവാഹം ചെയ്ത് പിന്നീട് വേർപിരിയാൻ തനിക്ക് പറ്റില്ല എന്നും ജീവിത പങ്കാളിയായി തനിക്ക് തോന്നുന്ന ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും നടി പറഞ്ഞു.
മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ 2 ലാണ് തൃഷയുടേതായി എറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം. കുന്ദവൈ എന്ന കഥാപാത്രമായാണ് തൃഷയെ അവതരിപ്പിച്ചത്. ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോയിൽ തൃഷയാണ് നായിക. വിജയ്‍യും നടിയുമൊത്തുള്ള ചില ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓക്ടോബർ 19-നാണ് ലിയോ റിലീസിനെത്തുന്നത്.
No comments