Breaking News

മഴക്കുറവ്‌ ചതിക്കുമോ, വേണം മുൻകരുതൽ കൃഷിക്കാർ ശ്രദ്ധിക്കുക


കാഞ്ഞങ്ങാട് : 123 വർഷങ്ങളുടെ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ച 2023 സൂചന നൽകുന്നത് 2024 ലെ കൊടുംവരൾച്ചയെ. ദീർഘകാല കാർഷിക വിളകളുടെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയാകും വരാൻ പോകുന്നതെന്നും ഇത് മുന്നിൽ കണ്ടുള്ള ഇടപെടലാണ് ആവശ്യമെന്നും കാർഷിക രം​ഗത്തെ വിദ​ഗ്ദർ പറയുന്നു.
തെങ്ങിനുള്ള ജലസേചനം ഇത്തവണ നേരത്തെ തുടങ്ങേണ്ടിവരുമെന്നും തായ്‍വേരില്ലാത്ത കവുങ്ങിനെയും കുരുമുളകിന്റെയും ഉത്പാദനത്തെ മഴക്കുറവ്‌ ബാധിച്ചേക്കുമെന്നും പടന്നക്കാട് കാർഷിക കോളേജിലെ ഡോ. കെ എം ശ്രീകുമാർ സൂചന നൽകുന്നു.
അടക്ക വില കൂടിയതോടെ കവുങ്ങ് കൃഷി വ്യാപിച്ചിട്ടുണ്ട്. അനുയോജ്യമല്ലാത്ത സ്ഥലത്തെ കൃഷിയൊക്കെ ഇത്തവണ ഉണങ്ങിയേക്കാം. വെള്ളം കുറയുന്നത് മണ്ണിൽ നിന്നും വളം വലിച്ചെടുക്കാൻ പ്രയാസമാകും. 18 18 18, 19 19 19 തുടങ്ങിയ മൂലകങ്ങൾ അഞ്ചുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തി 15 ദിവസത്തെ ഇടവേളയിൽ ഇലകളിൽ തളിച്ച് ചെടിയുടെ ആരോ​ഗ്യം സംരക്ഷിക്കണം. 10 ​ഗ്രാം പൊട്ടാസ്യം സൾഫേറ്റും ചേർക്കാം. സൂക്ഷ്മ മൂലകമായ മൈക്രോസോളും ചേർക്കാം. മാർച്ച് വരെ ഇത് തുടരാം.
തെങ്ങിൻ ചുവട്ടിൽ ഇപ്പോൾ തന്നെ എളുപ്പത്തിൽ ചീയുന്നതും ചീയാൻ വൈകുന്നതുമായ വസ്തുക്കൾ കൊണ്ട് പുതയിടണം. ഇല, വാഴത്തടി, ചകിരി, ചകിരിച്ചോറ് എന്നിവ ഉപയോ​ഗിക്കാം. പൊട്ടാഷ് ഉപയോ​ഗിക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ സഹായിക്കും. നാല് ഇഞ്ച് ആഴത്തിൽ മണ്ണ് ഇളക്കി ഇടുന്നതും നല്ലതാണ്.
ന്യൂനമർദത്തിന്റെ പ്രയോജനം ഏഴിനു ശേഷമാണ് വടക്കൻ മേഖലയിൽ ഉണ്ടാകുകയെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ആ​ഗസ്‌തിനേക്കാൾ സെപ്തംബറിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. എൽനിനോ പ്രതിഭാസത്തിലും അവ്യക്തതയുണ്ട്.


No comments