Breaking News

പ്രസംഗവേദിയില്‍ നിന്നും ഇറങ്ങിപ്പോയ സംഭവം; വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ




തിരുവനന്തപുരം: പ്രസംഗവേദിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിപ്പോയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി. പ്രസംഗവേദിയില്‍ നിന്നും താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.


സംഭവത്തിൽ വിശദീകരണവുമായി സംഘാടക സമിതിയും രം​ഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി വേദിയിൽ നിന്നും ഇറങ്ങി പോയിട്ടില്ലെന്ന് പരിപാടിയുടെ സംഘാടകർ റിപ്പോർട്ടർ ടിവിയോട് വിശദീകരിച്ചു. വിവാദം മാധ്യമസൃഷ്ടിയെന്നും സംഘാടകർ പറഞ്ഞു. കാസർ​കോട് നടന്ന പരിപാടിയിൽ പ്രസംഗിച്ച് തീരുന്നതിന് മുമ്പ് അനൗണ്‍സ്‌മെന്റ്‌ നടത്തിയതില്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി വേദി വിട്ടത്. ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


'കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍', എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടം പണിത കരാറുകാരനെ അടക്കം ഉപഹാരം നല്‍കാന്‍ വിളിക്കുന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങുകയായിരുന്നു. 'അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലാന്ന് തോന്നുന്നു. അതൊന്നും ശരിയായ ഏര്‍പ്പാടാല്ല. ഞാന്‍ സംസാരിച്ച് അവസാനിപ്പിച്ചതിന് ശേഷമല്ലേ അനൗണ്‍സ് ചെയ്യേണ്ടത്', എന്ന് ക്ഷുഭിതനായി ചോദിച്ചതിന് ശേഷമായിരുന്നു മുഖ്യമന്ത്രി വേദിവിട്ടത്.

No comments