വിവാഹ വാഗ്ദാനം നൽകിയിരുന്നു, പക്ഷെ യുവതി പലതും മറച്ചുവെച്ച് ചതിച്ചു: ഷിയാസ് കരീം ചന്തേര പൊലീസിന് മൊഴി നൽകി
കാസർകോട്: പീഡനക്കേസിലെ പരാതിക്കാരി തന്നെ ചതിച്ചുവെന്ന് കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീം. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാൽ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതെന്നും അല്ലാതെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് കാസർകോട് ചന്തേര പൊലീസിന് മൊഴി നൽകി.
കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് ഷിയാസ് പൊലീസിനോട് ഇക്കാര്യങ്ങൾ പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ഇന്ന് തന്നെ ഷിയാസിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ ആറരയോടെയാണ് ഷിയാസ് കരീമിനെ പൊലീസ് ചന്തേരയിലേക്ക് എത്തിച്ചത്. ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഷിയാസ് കരീം വിവാഗ വാഗ്ദാനം നൽകിയ തന്നെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിയായ യുവതിയുടെ പരാതി. 2021 ഏപ്രിൽ മുതൽ പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പരാതിക്കാരിയുടെ പക്കൽ നിന്നും ലക്ഷങ്ങള്‍ ഷിയാസ് കരീം തട്ടിയെടുത്തെന്നും ആക്ഷേപമുണ്ട്. ഒക്ടോബര്‍ അഞ്ചിന് ഷിയാസിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
No comments