Breaking News

പൊതുസ്ഥലത്ത് മാലിന്യം തള്ളൽ : ഗ്രാമപ്പഞ്ചായത്തുകൾ നടപടി കടുപ്പിച്ചു


പിലിക്കോട് : പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ തദ്ദേശസ്ഥാപനങ്ങൾ നടപടി കടുപ്പിച്ചു. ദേശീയപാതയോരത്ത് പിലിക്കോട് കൃഷിഭവന് മുൻപിൽ തള്ളിയ മാലിന്യം പഞ്ചായത്ത് അധികൃതരെത്തി തിരികെയെടുപ്പിച്ചു. മാലിന്യം തള്ളിയ മറുനാട്ടുകാരായ ഷാനവാസ്, ഫർഹദ് എന്നിവർക്കെതിരെ 10,000 രൂപ പിഴ ചുമത്തി. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ജീവക്കാരുമെത്തിയാണ് മാലിന്യം തിരികെയെടുപ്പിച്ചത്. ഇതുവഴി ഒട്ടോറിക്ഷയുമായി പോകുന്ന കെ.ടി. രഞ്ജിത്ത് വിവരമറിയിച്ചതിനെ തുടർന്നാണ് അധികൃതർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്.


ചെറുവത്തൂർ റെയിൽവേ മേല്പാലത്തിന് സമീപം മാലിന്യം തള്ളിയ രണ്ടുപേരെ കണ്ടെത്തി തിരികെയെടുപ്പിച്ച് 10,000 രൂപ പിഴയിടാക്കി. ആക്രിക്കച്ചവടക്കാരായ ചെമ്പ്രകാനത്തെ രാജീവൻ, ഷാഹൂൽ ഹമീദ് എന്നിവർ തള്ളിയ മാലിന്യമാണ് തിരികെയെടുപ്പിച്ചത്. ആക്രിസാധനങ്ങളിൽനിന്ന്‌ വേർതിരിച്ചെടുത്ത മാലിന്യമാണ് ഇവിടെ തള്ളിയത്.പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, അസിസ്റ്റന്റ് സെക്രട്ടറി കെ.വി. വിനയരാജ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ജനപ്രതിനിധികളും ജീവനക്കാരുമാണ് മാലിന്യം തിരികെയെടുപ്പിച്ചത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഇരുപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും പറഞ്ഞു

No comments