Breaking News

സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻപോയ ജില്ലാടീമിന്‌ അവഗണനയെന്ന്‌ രക്ഷിതാക്കളുടെ പരാതി


കാസർകോട് : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻപോയ ജില്ലാടീമിന്‌ അവഗണനയെന്ന്‌ രക്ഷിതാക്കളുടെ പരാതി. പരിശീലകരോ മാനേജരോ ഉണ്ടായിരുന്നില്ലെന്നും കുട്ടികൾ തനിച്ചാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും പരാതിയുയർന്നു.
കൗമാരക്കാരും ചെറിയകുട്ടികളും മാത്രമുള്ള സീനിയർ, ജൂനിയർ ടീമുകളോടാണ് വിവേചനം. മത്സരം കഴിഞ്ഞ്‌ തിരിച്ചുവരുന്നതിനിടയിൽ ഒരുകുട്ടിക്ക് ട്രെയിനിൽ പരുക്കേറ്റു. ഒപ്പമുണ്ടായിരുന്നവർ വണ്ടിയിറങ്ങി, ആശുപത്രിയിലെത്തിച്ചപ്പോൾ ശസ്‌ത്രക്രീയ അടക്കം വേണ്ടിവന്നു.
വാട്സാപ് ഗ്രൂപ്പ്‌ ഉണ്ടാക്കിയശേഷം, അതിൽ മത്സരത്തിന് ചെല്ലണമെന്ന് മാത്രമാണ് വിദ്യാർഥികൾക്ക് കിട്ടിയ അറിയിപ്പ്. കോച്ചും മാനജരും ആരെന്നുപോലും ഇവർക്ക് അറിയില്ലായിരുന്നു. അവർ വന്നുമില്ല.
മറ്റ് ജില്ലകളിൽ ഒന്നിലധികം കോച്ചുകളും ടീം മാനജറും സഹായികളും ഉണ്ടായിരുന്നപ്പോഴാണ് ജില്ലയുടെ ഈ അവസ്ഥ. രജിസ്‌ട്രേഷൻ മുതൽ ടീമിലെ അംഗങ്ങളെ കളിക്കളത്തിൽ ഇറക്കുന്നതും പകരം കളിക്കാരെ ഇറക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടത് കോച്ചും മാനേജരുമാണ്‌. കുട്ടികൾതന്നെയാണ്‌ ഇതെല്ലാം ചെയ്‌തത്‌.
കോച്ചിനേയും മാനേജരെയും നിയോഗിച്ചിരുന്നുവെന്നാണ്‌ ജില്ലാ വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ അവർ എത്താത്തതാണ്‌ പ്രശ്‌നമായത്‌.

No comments