Breaking News

കരിന്തളം പാറയിലെ സുരേന്ദ്രട്ടൻ വിയർപ്പൊഴുക്കി മണ്ണിൽ വിളയിക്കുന്നത് നൂറുമേനി


പരപ്പ : കെെയിലുള്ള ഭൂമി തരിശിട്ട് പണം കൊടുത്ത് പഴങ്ങളും പച്ചക്കറികളും വാങ്ങിക്കഴിക്കുന്നവർക്ക്‌ പാഠമാണ്‌ കരിന്തളം പാറയിലെ കെ സുരേന്ദ്രൻ. അറുപതു കാരനായ സുരേന്ദ്രൻ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ മണ്ണിൽ പൊന്നുവിളയിക്കാൻ കഠിനാധ്വാനം ചെയ്യുകയാണിയാൾ.
കരിന്തളം കളരിയാൽ ഭഗവതി ക്ഷേത്രപരിസരത്ത് ക്ഷേത്രം ട്രസ്റ്റിന്റെ ഏഴരയേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. 800 നേന്ത്രവാഴകൾ കുലയ്ക്കാൻ പാകത്തിൽ വിളഞ്ഞുനിൽക്കുന്നു. തൊട്ടടുത്ത്‌ 50 സെന്റിൽ മഞ്ഞളും, ഇഞ്ചിയും, ചേനയും, ചേമ്പും കപ്പയും വേറെ. ക്ഷേത്രത്തിന്റെ വലതുഭാഗത്ത്‌ രണ്ടേക്കറിൽ പച്ചക്കറി കൃഷി ചെയ്യുന്നു.
ഇത്തവണ കാലാവസ്ഥയിലുണ്ടായ മാറ്റം പച്ചക്കറികൃഷിയെ സാരമായി ബാധിച്ചതായി സുരേന്ദ്രൻ പറഞ്ഞു. വിളവെടുപ്പുകഴിഞ്ഞ് അടുത്ത കൃഷിയ്ക്ക് നിലമൊരുക്കുകയാണിപ്പോൾ. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന സുരേന്ദ്രൻ കിണർ കുഴിക്കൽ വിദഗ്ധൻ കൂടിയാണ്. എന്നാൽ 17 വർഷമായി കൃഷിയാണ് സുരേന്ദ്രന്റെ ജീവിതമാർഗം. എല്ലാറ്റിനും പിന്തുണയുമായി ക്ഷീരകർഷകകൂടിയായ ഭാര്യ എ വി രമണിയുമുണ്ട് കൂടെ.
പ്രതിവർഷം 55,000 രൂപയാണ് നിലവാടക. സഹായത്തിനായി മൂന്ന് പുരുഷ തൊഴിലാളികളുമുണ്ട്. പഞ്ചായത്തും, കൃഷിഭവനും സഹായത്തിനുണ്ട്. 2016ൽ മികച്ച കർഷകനായി കൃഷി ഭവൻ സുരേന്ദ്രനെ ആദരിച്ചിരുന്നു.
ജീവിത പ്രാരാബ്ധങ്ങൾ 18-ാം വയസിൽ സുരേന്ദ്രനെ തെങ്ങുകയറ്റതൊഴിലാളിയാക്കി. ഏറെക്കാലം കിണറുകുഴിക്കലും, തെങ്ങുകയറ്റവുമായി മുന്നോട്ട് പോയി. കൃഷിയോടുള്ള താത്പര്യം ഇതിൽ പിടിച്ചുനിർത്തുകയായിരുന്നെന്ന്‌ സുരേന്ദ്രൻ പറഞ്ഞു. 17 വർഷം മുമ്പ് കാടുമുടികിടന്നിരുന്ന ക്ഷേത്രപറമ്പ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയാണ് കൃഷിയാരംഭിച്ചത്. ആദ്യം രണ്ടേക്കറിൽ തുടങ്ങിയ പച്ചക്കറികൃഷിയാണ് ഏഴര ഏക്കറിൽ സമ്പന്നമാക്കിയത്.


No comments