Breaking News

മഞ്ഞടുക്കം തുളൂര്‍വനം ഭഗവതി ക്ഷേത്ര കളിയാട്ടം: പൂക്കാര്‍ സംഘം യാത്ര തിരിച്ചു


കാഞ്ഞങ്ങാട് : കിഴക്ക് കൂലോം എന്നറിയപ്പെടുന്ന പാണത്തൂർ മഞ്ഞടുക്കം തുളൂർ വനം ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കിഴക്കുംകര എളയടത്ത് കുതിര് പുള്ളിക്കരിക്കാളിയമ്മ ദേവസ്ഥാനം പൂക്കാർ സംഘം യാത്ര തിരിച്ചു.

ഐതിഹ്യവും വിശ്വാസവും പാരമ്പര്യത്തിന്റെ പുരാവൃത്തം കൊണ്ട് സമ്പന്നമായ ഒരു ദേശത്തിന്റെ ഉത്സവ ചടങ്ങിലേക്ക് പച്ചയോല കൊണ്ട് മൊടഞ്ഞ കൊട്ടയിൽ നിറയെ ചെക്കി പൂ നിറച്ച് പ്രത്യേകം നിയോഗിക്കപ്പെട്ട വാല്യക്കാരൻ തലയിലേന്തി ആചാര സ്ഥാനീകരും കൂട്ടായിക്കാരും വാല്യക്കാരുമടങ്ങുന്ന സംഘം ഇന്നലെ വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം യാത്ര തിരിച്ചു. 60കിലോമീറ്ററോളം ദൂരം

പരമ്പരാഗത ഉൾ പാതയിലൂടെ കാൽനടയായി സഞ്ചരിക്കുന്ന സംഘം ആചാരപരമായ ഉപചാരം ഏറ്റുവാങ്ങും.

രാത്രി കള്ളാർ വയനാട്ട്കുലവൻ ദേവസ്ഥാനത്ത് തങ്ങിയ സംഘം ഇന്ന് ഉച്ചയ്ക്ക് പാണത്തൂർ കാട്ടൂർ തറവാട്ടിലെത്തും. അവിടെ വിളക്കും തളികയുമായി എതിരേൽക്കും. മുന്നായീശ്വരന്റെ ചൈതന്യം പൂകൊട്ടയിൽ കുടികൊള്ളുന്നതിനാലാണ് കൊട്ടയെ ഇത്തരത്തിൽ എതിരേൽക്കുന്നത്.

സന്ധ്യയോടു കൂടി സംഘം മഞ്ഞടുക്കം കോവിലകം തുളൂർ വനം ഭഗവതി ക്ഷേത്രത്തിൽ എത്തും.

ആറാം കളിയാട്ട നാളിൽ നടക്കുന്ന കലശത്തിന് അലങ്കരിക്കാനും മറ്റു ആചാരപരമായ ചടങ്ങുകൾക്കും കൊണ്ടുപോയ പൂക്കൾ ഉപയോഗിക്കുക്കും. സുനിൽ നെല്ലിക്കാടാണ് പൂകൊട്ട തലയിലേന്തി നടക്കുന്നത്. ഉത്സവസമാപനത്തിനു ശേഷം ഫെബ്രുവരി 24 ന് സംഘം കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്ത് തിരിച്ചെത്തും.

No comments