Breaking News

കെ.എസ്.എഫ്.ഇ. ചിട്ടിത്തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു മാലക്കല്ല് ബ്രാഞ്ചിൽ നിന്നാണ് ലക്ഷക്കണക്കിന്‌ രൂപ ഇയാൾ തട്ടിയെടുത്തത്


രാജപുരം: സ്ഥലത്തിന്റെ വ്യാജ രേഖകൾ ഹാജരാക്കി കെ.എസ്.എഫ്.ഇ. മാലക്കല്ല് ബ്രാഞ്ചിൽനിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

തുടരന്വേഷണത്തിന്റെ ഭാഗമായി മറ്റ് സ്ഥലങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന പോലീസിന്റെ ആവശ്യപ്രകാരമാണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കാഞ്ഞങ്ങാട് ചിത്താരി വി.പി. റോഡിലെ കെവി. ഹൗസിൽ എം. ഇസ്മായിലി(37)നെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യംചെയ്യലിനുശേഷം പ്രതിയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.കേസിൽ ഇയാളും ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ എട്ട് പ്രതികളാണുള്ളത്. മറ്റ് പ്രതികളെ കണ്ടെത്താനായിട്ടില്ല. 2019-ലാണ് ഇസ്മായിലിന്റെ നേതൃത്വത്തിൽ വ്യാജ ആധാരങ്ങൾ ഹാജരാക്കി വിവിധ ചിട്ടികളിലായി 70 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയത്.ചിട്ടിയുടെ തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ശാഖാ മാനേജർ കെ. ദിവ്യ രാജപുരം പോലീസിൽ പരാതി നൽകിയിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിൽ രാജപുരം പൊലീസാണ് കഴിഞ്ഞദിവസം എം. ഇസ്മായിലിനെ അറസ്റ്റ് ചെയ്തത്. ഉപ്പള വില്ലേജിൽ പ്രതിയുടെപേരിൽ വ്യാജമായി നിർമിച്ച അഞ്ചേക്കറിന്റെ അധാരം, കൃത്രിമമായി നിർമിച്ച റവന്യൂ രേഖകൾ, വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ ഒപ്പ് എന്നിവ ഹാജരാക്കിയായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.


നടപടിയെടുക്കും -യൂത്ത് കോൺഗ്രസ്


കെ.എസ്.എഫ്.ഇ. മാലക്കല്ല് ബ്രാഞ്ചിൽ വ്യാജരേഖകൾ സമർപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം. ഇസ്മായിലിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്‌കുമാർ അറിയിച്ചു.


നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയുമായി ബന്ധപ്പെട്ട തട്ടിപ്പിനെ കുറിച്ച് വിശദമായ റിപ്പോർട്ട് ജില്ലയുടെ ചുമതല വഹിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വമാണ് നടപടിയെടുക്കേണ്ടത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അടുത്തദിവസംതന്നെ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രദീപ്‌കുമാർ അറിയിച്ചു

No comments