ഓണ്‍ലൈനിലൂടെ പഠിച്ച അര്‍ജുന്‍ വിജയന് ബോക്‌സിംഗില്‍ ഒന്നാം സ്ഥാനം
കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മത്സരത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ബോക്‌സിംഗില്‍ 80 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഗോള്‍ഡ് മെഡലും കരസ്ഥമാക്കി അര്‍ജുന്‍ വിജയന്‍ നാടിന് അഭിമാനമായി. പിലിക്കോട് സി.കെ.എന്‍.എസ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ കാലിക്കടവിലെ ധന്യ-വിജയന്‍ ദമ്പതികളുടെ മകനാണ്. കുട്ടികാലം മുതലേ കായിക മത്സരങ്ങളോട് താല്പര്യമുള്ള അര്‍ജുന്‍ പരിമിതമായ സാഹചര്യങ്ങളെ അതിജീവിച്ച് ഒരു ഉന്നത പരിശീലനവും കിട്ടാതെ യൂട്യൂബ് കണ്ടു ബോക്‌സിങ് പഠിച്ചാണ് ഈ നിലയിലെത്തിയത്. കലാ കായിക മേഖലയിലുപരി പഠനത്തിലും മികവ് തെളിയിച്ച അര്‍ജുന്‍ വിജയനെ പ്രഥമ സി.കൃഷ്ണന്‍ നായര്‍ സ്മാരക സ്റ്റുഡന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് 2022 നല്‍കി ആദരിച്ചിരുന്നു. ജില്ല-ഉപജില്ല മത്സരങ്ങളിലെ നിറ സാന്നിദ്യമായ അര്‍ജുന്‍ ചെറിയ ക്ലാസ്സ് മുതല്‍ തന്നെ ചിത്രരചനാ മല്‍സരങ്ങളിലും ഡിജിറ്റല്‍ പെയിന്റിംഗിലും മറ്റ് കായിക മല്‍സരങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. ഇത് കൂടാതെ ഉപന്യാസ രചനയിലും താല്പര്യമുള്ള അര്‍ജുന്‍ തന്റെ അഭിരുചികളില്‍ മുന്‍ഗണന കൊടുക്കുന്നത് ബോക്‌സിംഗിനാണ്. തന്റെ സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ചാണ് കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം കൈവരിച്ചത്. ഈ വര്‍ഷം തന്റെ ഇച്ഛാശക്തിയും ദൃഢനിശ്ചയവും കൊണ്ട് സ്വര്‍ണ മെഡല്‍ നേടിയ അര്‍ജുനിന്റെ കഴിവിനെ പ്രമുഖ ഇന്ത്യന്‍ ബോക്‌സറും ഏഷ്യന്‍ ചാമ്പ്യനുമായ ലേഖ കെ.സി അനുമോദിച്ചു.
No comments