Breaking News

ഇരിട്ടി അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഉൾവനത്തിൽ ഇന്നലെയും മാവോയിസ്റ്റ് വെടിവെയ്പ്പ് റോഡ് വളഞ്ഞ് പൊലീസ്


കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി ഉള്‍വനത്തില്‍ ഇന്നലെ രാത്രിയിലും വെടിവെയ്പ്പുണ്ടായതായി സൂചന. രാത്രിയില്‍ ഇടയ്ക്കിടെ വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനുപിന്നാലെ മേഖലയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയില്‍ വീണ്ടും വെടിവെയ്പ്പിന്‍റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നത്. പ്രത്യേക ദൗത്യ സംഘം വനമേഖലയില്‍ തുടരുകയാണ്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. ഉൾവനത്തിൽ രണ്ടിലധികം ഷെഡുകളുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഈ രണ്ട് ഷെഡ്ഡുകളിലാണ് മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം, മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിർത്തിയിലെ റോഡുകൾ പൊലീസ് വളഞ്ഞു. അയ്യന്‍കുന്ന് മേഖലയില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

No comments