ഇനിയാണ് ട്വിസ്റ്റ്! അവസാനം വരെ പിടിച്ചിരുത്തുന്ന 'ഗരുഡന്‍': റിവ്യൂ
ത്രില്ലര്‍ എന്നത് എക്കാലവും ഏത് ഭാഷാ സിനിമയിലും ഏറ്റവും പ്രേക്ഷകരുള്ള ഗണങ്ങളില്‍ ഒന്നാണ്. മലയാളത്തിലും അങ്ങനെതന്നെ. എന്നാല്‍ അങ്ങനെയായിട്ടും എന്തുകൊണ്ട് ത്രില്ലറുകള്‍ കുറയുന്നു എന്ന ചോദ്യത്തിന് ഉത്തരം അണിയറക്കാര്‍ക്ക് ഭയമാണ് എന്നതാണ്. ഒടിടിയിലൂടെ ഏത് ഭാഷകളിലെയും സിനിമകളും സിരീസുകളും കാണുന്ന, ഒരു നൊടിയില്‍ ഗൂഗിളിനോട് ഏത് സംശയവും ചോദിക്കുന്ന ഒരു തലമുറയ്ക്ക് മുന്നില്‍ പഴുതടച്ച തിരക്കഥകള്‍ ആവശ്യപ്പെടുന്ന ത്രില്ലറുകള്‍ ഒരുക്കാനുള്ള ആത്മവിശ്വാസം പലര്‍ക്കുമില്ല എന്നതാണ് മലയാളത്തിലും അത്തരം സിനിമകള്‍ കുറയാന്‍ കാരണം. എന്നാല്‍ ഈ ജോണറില്‍ തനിക്കുള്ള ആത്മവിശ്വാസം സംവിധായകന്‍ എന്ന നിലയില്‍ മിഥുന്‍ മാനുവല്‍ തോമസ് അഞ്ചാം പാതിരായിലൂടെ മുന്‍പ് തെളിയിച്ചതാണ്. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രം എന്നതായിരുന്നു ഗരുഡന് റിലീസിന് മുന്‍പ് ലഭിച്ച പ്രേക്ഷകശ്രദ്ധയുടെ ഒരു കാരണം.
താന്‍ ഏറെ കൈയടി നേടിയിട്ടുള്ള പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി വീണ്ടുമെത്തുന്ന എന്നതും നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്നതും ഗരുഡന്‍റെ പ്ലസ് ആയിരുന്നു. പ്രതീക്ഷകളെ സാധൂകരിക്കുന്ന ചിത്രം എന്നതാണ് ഗരുഡനെക്കുറിച്ചുള്ള ആദ്യ അഭിപ്രായം. മലയാളത്തില്‍ തുലോം വിരളമായ ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. എസ് പി ഹരീഷ് മാധവ് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി വീണ്ടും കാക്കി അണിയുന്നത്. മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ പേരെടുത്ത, മികച്ച സേവനത്തിലുള്ള പൊലീസ് മെഡല്‍ നേടിയിട്ടുള്ള ഹരീഷിന് മുന്നിലേക്ക് കരിയറിന്‍റെ അവസാനകാലത്ത്, സമൂഹശ്രദ്ധ ലഭിച്ച ഒരു കേസ് എത്തുകയാണ്. ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തില്‍ വലിയ പ്രയത്നം കൂടാതെ അദ്ദേഹം അത് തെളിയിക്കുകയും പ്രതിയ്ക്ക് ശിക്ഷ ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ ശിക്ഷ പൂര്‍ത്തിയാക്കി പ്രതി പുറത്തിറങ്ങുന്നതോടെ കഥയുടെ മറ്റൊരു ചുരുള്‍ നിവരുകയാണ്. യഥാര്‍ഥ കുറ്റവാളി ആരെന്ന ചോദ്യത്തിന് അവസാനം വരെ കാക്കേണ്ടിവരുന്ന, നിരവധി വഴിത്തിരിവുകളും അപ്രതീക്ഷിതത്വങ്ങളും കാത്തുവച്ചിരിക്കുന്ന തിയറ്റര്‍ എക്സ്പീരിയന്‍സ് തന്നെയാണ് ഗരുഡന്‍.
No comments