Breaking News

കോടികൾ മുടക്കി കേരളീയം ആഘോഷം, ഭക്ഷണത്തിനും മരുന്നിനും ഗതിയില്ലാതെ ക്ഷേമ പെൻഷനുകാർ, മുടങ്ങിയിട്ട് 4 മാസം


തിരുവനന്തപുരം: കോടികള്‍ പൊടിച്ച് സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാനത്ത് കേരളീയം ആഘോഷങ്ങള്‍ നടത്തുമ്പോള്‍ നാലു മാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം മനുഷ്യര്‍. ക്ഷേമ പെന്‍ഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ മനുഷ്യര്‍ പലരും, അന്നന്നത്തെ ആഹാരത്തിനും മരുന്നിനും പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയിലുമാണ്. കടമെടുപ്പ് പരിധി കഴിയാറായതും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നിഷേധിച്ചതുമാണ് ക്ഷേമ പെന്‍ഷനില്‍ ഇത്ര വലിയ കുടിശികയുടെ കാരണമായി സര്‍ക്കാര്‍ നിരത്തുന്ന ന്യായങ്ങള്‍.

കോട്ടയം കുടവച്ചൂരിലെ രാജുവിന് അമ്പത്തിയെട്ട് വയസുണ്ട്. ചെവി കേള്‍ക്കില്ല, സംസാരിക്കാനാവില്ല. നാലു വര്‍ഷം മുമ്പ് ഒരു കാലും മുറിച്ചു കളഞ്ഞതോടെ വീട്ടിൽ ഇരുപ്പാണ്. മഴ പെയ്താല്‍ ചോരുന്ന പണി തീരാത്ത ഈ വീട്ടില്‍ രാജുവിന് കൂട്ട് എണ്‍പത്തിയെട്ട് വയസുളള അമ്മ ചാച്ചിയാണ്. ഈ പ്രായത്തിലും എല്ലാത്തിനും തന്നെ ആശ്രയിക്കേണ്ടി വരുന്ന മകനെയോര്‍ത്ത് എപ്പോഴും സങ്കടപ്പെടുകയാണ് ഈ അമ്മ. ദാരിദ്ര്യം ഇരുട്ടുവീഴ്ത്തിയ വീട്ടില്‍ ഈ അമ്മയുടെയും മകന്‍റെയും ഏകവരുമാന മാര്‍ഗം സര്‍ക്കാരില്‍ നിന്നു കിട്ടുന്ന 1600 രൂപ ക്ഷേമപെന്‍ഷന്‍ മാത്രമാണ്. കഴിഞ്ഞ നാലു മാസമായി അതും കിട്ടാതായതോടെ കൊടിയ ദാരിദ്ര്യത്തിന്‍റെ നടുവിലാണ് ഈ കുടുംബമുള്ളത്. മരുന്നിന് പോയിട്ട് അന്നന്നത്തെ ഭക്ഷണത്തിനു പോലും ഗതിയില്ലാതായ മനുഷ്യര്‍.


എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കുമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് ഇത്ര ദീര്‍ഘകാലം ക്ഷേമപെന്‍ഷന്‍ മുടങ്ങുന്നത് ഇതാദ്യമായാണ്. ഒരു പാട് ഒച്ചവെച്ച ശേഷമാണ് ഓണക്കാലത്ത് കുടിശിക തീര്‍ത്തു കൊടുത്തത്. ഓണം കഴിഞ്ഞ ശേഷം ക്ഷേമ പെന്‍ഷന്‍കാരെ തിരിഞ്ഞു നോക്കിയിട്ടില്ല സര്‍ക്കാര്‍. രണ്ടു മാസത്തെ പെന്‍ഷന്‍ കുടിശിക തീര്‍ക്കണമെങ്കില്‍ പോലും 2000 കോടി വേണം. വേഗം കൊടുക്കുമെന്നൊക്കെ മന്ത്രിമാര്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. എപ്പോള്‍ കൊടുക്കുമെന്ന ചോദ്യത്തിനു പക്ഷേ കൃത്യമായൊരുത്തരം അവര്‍ക്കുമില്ല. പെന്‍ഷന്‍ മുടങ്ങിയ പാവം മനുഷ്യരുടെ ദുരവസ്ഥയ്ക്കിടയിലും തലസ്ഥാനത്ത് കോടികള്‍ പൊടിച്ച് കേരളീയം നടത്തുന്ന നവകേരള വിരോധാഭാസത്തിന്‍റെ തിരക്കിലാണല്ലോ അവരും.

No comments