Breaking News

കോട്ടമല സ്കൂളിൽ പട്ടികവർഗ്ഗ വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം ; പ്രതിയുടെ അറസ്റ്റിനായി സംഘ പരിവാർ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്


നർക്കിലക്കാട് : സ്കൂൾ അസംബ്ലിയിൽ വച്ച് പട്ടികവർഗ്ഗ വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. കഴിഞ്ഞ ഒക്ടോബർ മാസം 19 നാണ് മുടി നീട്ടി വളർത്തി എന്നാരോപിച്ച് കോട്ടമല എംജിഎം യുപി സ്കൂളിലെ അഞ്ചാം ക്ലാസ്സ്കാരനായ പട്ടികവർഗ്ഗ വിദ്യാർത്ഥിയുടെ മുടി പ്രധാനദ്ധ്യാപികയായ ഷേർളി ജോസഫ് അസംബ്ലിയിൽ മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് മുറിച്ച് മാറ്റിയത്. ബന്ധുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് ഇവർക്കെതിരെ പട്ടിക ജാതി, പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം അനുസരിച്ചും, ജുവനൈൽ ജസ്റ്റീസ് ആക്ട് അനുസരിച്ചും കേസ് എടുത്തെങ്കിലും  പ്രതിയെ ഇത് വരെയായി അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല. അറസ്റ്റ് വൈകിക്കുന്നത് മൂലം പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിനുള്ള അവസരം പോലീസ് ഒരുക്കി കൊടുക്കുകയാണ് എന്നുള്ള ആക്ഷേപമുണ്ട്. അസംബ്ലിയിൽ വച്ച് പരസ്യമായി നടന്ന സംഭവത്തിൽ മറ്റുള്ള അദ്ധ്യാപകർ ആരും തന്നെ പ്രധാനദ്ധ്യാപികയെ തടയാൻ ശ്രമിച്ചില്ല എന്നത് സംഭവത്തിൽ കൂടുതൽ അദ്ധ്യാപകർക്ക് പങ്കുണ്ട് എന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതും കൂടി അന്യേഷണ പരിധിയിൽ കൊണ്ടുവരണം എന്നും ഇവർ ആവശ്യപ്പെടുന്നു. ഇനിയും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കുട്ടിയുടെ വീട് സന്ദർശിച്ച വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിത രക്ഷാ പ്രമുഖ് ഷിബു പാണത്തൂർ, ബിജെപി നീലേശ്വരം  മണ്ഡലം പ്രസിഡൻ്റ് സി വി സുരേഷ്, വെസ്റ്റ് എളേരി പഞ്ചായത്ത് ജന:സെക്രട്ടറി പ്രശാന്ത് ചെന്നടുക്കം, കമ്മറ്റിയംഗങ്ങളായ ചന്ദ്രബാബു കെ സി, സിജോ മൗവ്വേനി എന്നിവർ പറഞ്ഞു.

No comments