ദൃക്സാക്ഷി സാക്ഷി കൂറുമാറിയ കൊലപാതക കേസിൽ പനത്തടി സ്വദേശിയയായ പ്രതിക്ക് ജീവപര്യന്തം തടവ്
രാജപുരം : ദൃക്സാക്ഷി സാക്ഷി കൂറുമാറിയ കൊലപാതക കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പനത്തടി ചാമുണ്ഡിക്കുന്നിൽ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന അരുൺ മോഹൻ എന്ന ലാലിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ചാമുണ്ഡിക്കുന്ന് ശിവപുരം കോച്ചേരിയിൽ മത്തായി എന്ന കെ.എം. ജോസഫിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷിച്ചത്. കൊലപാത കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവും അനുഭവിക്കണം. ഇതിനു പുറമെ വധശ്രമ കേസിൽ അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച കോടതി പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവും അനുഭവിക്കണമെന്നും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.2014 ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരുൺ മോഹനനേയും സുഹൃത്ത് കെ.ജെ ബിജുവിനേയും ചാമുണ്ഡി കുന്നിൽ ഓട്ടോ തടഞ്ഞുനിർത്തി മത്തായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അരുൺ മോഹൻ ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരണപ്പെട്ടു. കൊലപാതകം , കൊലപാതകശ്രമം എന്നീ വകുപ്പുകളിലാണ് ദൃക്സാക്ഷി കൂറുമാറിയിട്ടും മത്തായിയെ കോടതി ശിക്ഷിച്ചത്. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ആയിരുന്ന എം.കെ സുരേഷ്കുമാറാണ് ,പ്രോസിക്യൂഷന് വേണ്ടി ഇ ലോഹിതാക്ഷൻ ഹാജരായി.
No comments