Breaking News

കൗമാരക്കാരിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം, 48കാരന് 13 വർഷം കഠിന തടവും പിഴയും




തൃശൂര്‍: കൗമാരക്കാരിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 48കാരന് കഠിന തടവ് ശിക്ഷ. കുഴിക്കാട്ടുശേരി പോട്ടയത്തുപറമ്പില്‍ വീട്ടില്‍ ജയനെന്ന 48കാരനാണ് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. ഇയാൾ കൗമാരക്കാരിക്ക് നേരേ നിരന്തരം ലൈംഗികചുവയോടെ സംസാരിക്കുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തെന്നായിരുന്നു പരാതി.






പ്രതിക്ക് 13 വര്‍ഷം കഠിന തടവും 85000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ സ്‌പെഷല്‍ കോടതി ജില്ലാ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 10 മാസം കൂടി കഠിനതടവ് അനുഭവിക്കണം. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നല്‍കാന്‍ ജില്ലാ നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.

കൗമാരക്കാരിയായ അതിജീവിതയെ പിന്നാലെ നടന്ന് സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു പ്രതി ചെയ്തത്. 2023 മാര്‍ച്ച് 19ന് പ്രതി അതിജീവിതയ്ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കിയത്. ആളൂര്‍ മുന്‍ എസ്.എച്ച്.ഒ. സിബിന്‍, എസ്.ഐ. അക്ബര്‍ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ടി. ബാബുരാജ് ഹാജരായി.

സമാനമായ മറ്റൊരു സംഭവത്തിൽ ചേർത്തലയിൽ ഒമ്പതുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ വിധിച്ചിരുന്നു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13-ാം വാര്‍ഡ് ഇല്ലിക്കല്‍ചിറ ബാബുവി(57)നെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴയടക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2022 ഏപ്രില്‍ 15നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിഷ് ചാര്‍ജ്ജ് ചെയ്യുന്നതിന് വിഷുവിന്റെ തലേന്ന് അപ്പുപ്പനൊപ്പം പോയി തിരിച്ചുവരുമ്പോള്‍ ഇടവഴിയില്‍ വച്ച് പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്.

No comments