Breaking News

'1000 രൂപ കൈക്കൂലി': വില്ലേജ് ഓഫീസർക്ക് 2 റിസോർട്ട്, ഒരു ഫ്ലാറ്റും, 35 പാസ് ബുക്കും; ഞെട്ടി വിജിലൻസ്, അന്വേഷണം



മലപ്പുറം: എടക്കരയിൽ കൈവശരേഖയ്ക്ക് 1,000 രൂപ കൈക്കൂലി വാങ്ങിയ വഴിക്കടവ് വില്ലേജ് ഓഫീസറുടെ സ്വത്ത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ഞെട്ടി വിജിലൻസ്. വില്ലേജ് ഓഫീസർക്ക് വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലും ഗൂഡല്ലൂരിലും റിസോർട്ടുകളുണ്ടെന്നും പെരിന്തൽമണ്ണയിൽ സ്വന്തമായി ഫ്‌ലാറ്റുണ്ടെന്നും വിജിലൻസ് കണ്ടെത്തി. കേസിസിൽ വിജിലൻസ് അന്വേഷണം ഊർജിതമാക്കി. വില്ലേജ് ഓഫീസറായ കാളികാവ് സ്വദേശി ഭൂതംകോട്ടിൽ മുഹമ്മദ് സമീറിനെയാണ് കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തത്.

വഴിക്കടവ് കുന്നുമ്മൽപൊട്ടി എൻ.സി. ബിജുവിന് സ്വന്തം ഭൂമിയിലെ മരം മുറിക്കാൻ വനംവകുപ്പിന് സമർപ്പിക്കാനുള്ള കൈവശരേഖയ്ക്കാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് കൈവശരേഖ ഇയാള്‍ ഒരാഴ്ച താമസിപ്പിച്ചു. രേഖ ചോദിച്ചെത്തിയ ബിജുവിനോട് കൈക്കൂലിയായി 1000 രൂപ ഗൂഗിൾ പേ ചെയ്യാൻ സമീർ ആവശ്യപ്പെട്ടു. തുടർന്ന് വിജിലൻസിനെ വിവരമറിയിച്ച പരാതിക്കാരൻ പണം നേരിട്ട് നൽകാമെന്നറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കൈക്കൂലി കൈമാറിയ ഉടൻ വിജിലൻസ് പിടികൂടുകയായിരുന്നു. വില്ലേജ് ഓഫീസറുടെ മുറിയിലെ ഫയലുകൾക്കിടയിൽ നിന്നാണ് വിജിലൻസ് ഫിനോഫ്തലിൻ പുരട്ടി നൽകിയ 1,000 രൂപ പിടിച്ചെടുത്തത്. സമീപത്തു നിന്ന് 1500 രൂപയും കണ്ടെത്തിയിരുന്നു.

No comments