Breaking News

കൈകളില്ല, ജിലുമോൾക്ക് ഇനി ധൈര്യമായി കാലുകൊണ്ട് കാറോടിക്കാം; മുഖ്യമന്ത്രി ലൈസൻസ് കൈമാറി


പാലക്കാട്: ജന്മനാ രണ്ട് കൈകളുമില്ല, എന്നാല്‍ കാറോടിക്കണം എന്ന ജിലുമോളുടെ ആഗ്രഹത്തിന് ഇത് തടസമായില്ല. തന്റെ കരുത്തുറ്റ കാലുകള്‍കൊണ്ട് ജിലു വണ്ടി ഓടിച്ചു. പക്ഷേ അപ്പോഴും ലൈസന്‍സ് എടുക്കാന്‍ കുറച്ചൊന്നുമല്ല ഓടേണ്ടിവന്നത്. ഇപ്പോള്‍ ഇതാ ഫോര്‍വീല്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന തന്റെ സ്വപ്നത്തെ കാലെത്തിച്ച് പിടിച്ചിരിക്കുകയാണ് ജിലുമോള്‍. നവകേരള സദസ്സിന്റെ പ്രഭാത സമ്മേളനത്തില്‍ വച്ചു മുഖ്യമന്ത്രിയില്‍നിന്നാണ് ജിലുമോള്‍ ലൈസന്‍സ് ഏറ്റുവാങ്ങിയത്. ഇതോടെ ഇരു കൈകളുമില്ലാതെ വാഹനമോടിക്കുന്ന ആദ്യ ഏഷ്യക്കാരിയായി മാറിയിരിക്കുകയാണ് ഈ ഇടുക്കിക്കാരി. ലാസന്‍സ് ഏറ്റുവാങ്ങിയതിനു പിന്നാലെ മന്ത്രിമാരായ ആര്‍. ബിന്ദു, ചിഞ്ചുറാണി, കെ.എന്‍. ബാലഗോപാല്‍, എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവരെ കൂടെയിരുത്തി ജിലു കാറോടിച്ചു. ആറുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ഇടപെട്ടാണ് ലൈസന്‍സ് നേടിക്കൊടുത്തത്. കുട്ടിക്കാലംമുതല്‍ക്കേ കാറോടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എറണാകുളം വടുതലയിലെ മരിയ ഡ്രൈവിങ് സ്‌കൂളിലെ ജോപ്പനുകീഴില്‍ ഡ്രൈവിങ് പഠിച്ച് തൊടുപുഴ ആര്‍.ടി.ഒ. ഓഫീസിലെത്തിയെങ്കിലും ലൈസന്‍സ് ലഭിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രൂപമാറ്റം വരുത്തിയ കാറുമായി ചെന്നപ്പോഴും മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ മടക്കി അയച്ചതോടെയാണു ഭിന്നശേഷി കമ്മിഷന്‍ ഇടപെട്ടത്.

No comments