സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് NABH അംഗീകാരം; ജില്ലയിൽ 7 ആയുഷ് സ്ഥാപനങ്ങൾ മികവിന്റെ നിറവിൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മാലോം, ഗവൺമെന്റ് മോഡൽ ഹോമിയോ ഡിസ്പൻസറി ചിറ്റാരിക്കാൽ എന്നിവയും പട്ടികയിൽ
കാസര്‍കോട് : ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് NABH എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. ഗവൺമെന്റ് ഹോമിയോ ഡിസ്പൻസറി നായന്മാർമൂല, ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി പിലിക്കോട്, ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി ചെറുവത്തൂർ, ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി വലിയപറമ്പ, ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മാലോം, ഗവൺമെന്റ് യുനാനിഡിസ്പൻസറി മൊഗ്രാൽ പുത്തൂർ, ഗവൺമെന്റ് മോഡൽ ഹോമിയോ ഡിസ്പൻസറി ചിറ്റാരിക്കാൽ, എന്നീ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്കാണ് നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കേർ പ്രൊവൈഡേഴ്സ് (NABH) എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചത്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി NABH നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരികയാണ്. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികൾ 2023 ഏപ്രിലിൽ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കി NABH ലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു എന്നത് കേരളത്തിലെ സർക്കാർ ആരോഗ്യ മേഖലയിലെത്തന്നെ ഒരു നാഴികക്കല്ലാണ്. ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളുടെ മുഖമുദ്ര തന്നെ മാറ്റിയെഴുതുന്ന ഈ ഒരു കർമപദ്ധതി വളരെസംയോജിതമായും സമയബന്ധിതമായും പൂർത്തിയാക്കാൻ സാധിച്ചുവെന്നത് വളരെ അനുമോദനാർഹമാണ്. നാഷണൽ ആയുഷ് മിഷൻന്റെയും ഐ എസ് എം, ഹോമിയോപ്പതി ഡിപ്പാർട്‌മെന്റുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യോജിച്ച പ്രവർത്തനത്തിലൂടെ ഗുണനിലവാരമുള്ള ആരോഗ്യ സ്ഥാസ്ത്യ സേവനങ്ങൾ ഉറപ്പുവരുത്തുവാനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും സാധിച്ചു. വിവര ശേഖരണത്തിലും പൊതുജനാരോഗ്യരംഗത്തും മികവോടെ പ്രവർത്തിക്കുന്നതിനും അതുവഴി വിവിധ ആരോഗ്യ പദ്ധതികൾ മേന്മയോടെ നടപ്പിലാക്കാൻ കഴിയുന്നുവെന്നതും അഭിനന്ദനാർഹമാണ്. രണ്ടാം ഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 ആയുഷ് സ്ഥാപനങ്ങൾക്ക് ഈ വർഷം മാർച്ച് മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകും.
No comments