സ്വർണകിരീടവുമായി 'ടീം കണ്ണൂർ' ഇന്ന് സ്വദേശത്തെത്തും; വാദ്യമേളങ്ങളോടെ മാഹിയിൽ ഗംഭീര സ്വീകരണം
കണ്ണൂർ: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേൽക്കുന്നത്. കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തുന്ന ടീമിനെ ജില്ലാ അതിർത്തിയായ മാഹിയിൽ വെച്ച് വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം. ആഘോഷപൂർവ്വം ടീമിനെ തുറന്ന വാഹനത്തിൽ കണ്ണൂർ നഗരത്തിലേക്ക് ആനയിക്കും. അഞ്ച് മണിക്ക് കണ്ണൂരിലെത്തുന്ന ടീമിനെ വാദ്യമേളങ്ങളോടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വിപുലമായ ആഹ്ളാദ പ്രകടനവും ഉണ്ടാകും. കലോത്സവത്തിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് പിന്നീട് വമ്പൻ സ്വീകരണവും വിദ്യാർഥികൾക്ക് നൽകും.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന് സ്വർണ കപ്പ് കൈമാറിയത് മന്ത്രി വി ശിവൻ കുട്ടിയാണ്. മുഖ്യാതിഥിയായെത്തിയ നടൻ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
No comments