എസ്. എൻ.ഡി.പി യോഗം 1748 ആം നമ്പർ കൊന്നക്കാട് ശാഖ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവവും ക്ഷേത്ര സമർപ്പണവും 15,16,17 തീയ്യതികളിൽ
വെള്ളരിക്കുണ്ട് : എസ്. എൻ.ഡി.പി യോഗം 1748 ആം നമ്പർ കൊന്നക്കാട് ശാഖ പുതുതായി പണിത ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും പുന:പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവവും ക്ഷേത്ര സമർപ്പണവും ജനുവരി 15, 16, 17 തീയ്യതികളിൽ
വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശാഖ കമ്മിറ്റിയും മാതൃസമിതിയും യൂത്ത് മൂവ്മെന്റും നിർമ്മാണ കമ്മിറ്റിയും ചേർന്ന് ഒരു വർഷമായി നടത്തിവരുന്ന പരിശ്രമത്തിന്റെ ഫലമാണ് മലയോരത്തെ ഗുരുദേവ ക്ഷേത്രം.
കൊന്നക്കാട് ടൗണിന് സമീപത്തെ ഒമ്പതര സെന്റ് സ്ഥലത്താണ് ലക്ഷങ്ങൾ ചിലവ് ചെയ്ത് ഗുരുദേവ തൃപാദങ്ങളെ മനസിരുത്തി പ്രാർത്ഥിക്കാനും ആരാധിക്കാനും ക്ഷേത്രം പണിതത്. ആലപ്പുഴ മാന്നാറിൽ പണിത ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 15 ന് രാവിലെ ഒമ്പതിന് പ്രാപ്പൊയിൽ ശാഖ ഗുരുസന്നിധിയിൽ നിന്ന് ഏറ്റുവാങ്ങി വെള്ളരിക്കുണ്ട് യൂണിയനിലെ വിവിധ ശാഖകളിലെയും ഗുരുമന്ദിരങ്ങളിലെയും വരവേൽപ്പിന് ശേഷം വട്ടക്കയം ശ്രീ കരിഞ്ചാംമുണ്ഡേശ്വരി ദേവസ്ഥാനത്ത് എത്തിച്ചേരും. അവിടെ നിന്ന് താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊന്നക്കാട് ശ്രീ മുത്തപ്പേദേവന്റെ അനുഗ്രഹം വാങ്ങി വൈകുന്നേരം 7.30 ന് കൊന്നക്കാട് ഗുരുദേവ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. വൈകുന്നേരം അഞ്ചിന് ഗുരുപൂജ, എഴിന് ആചാര്യ വരവേൽപ്, പാദപൂജ തുടർന്ന് വിഗ്രഹം ഏറ്റുവാങ്ങൽ, അന്നദാനം.16 ന് രാവിലെ ഗണപതിഹോമം, ശാന്തി ഹോമം. 7.30 ന് പതാക ഉയർത്തൽ. 11.30 ന് ശേഷം താഴിക കുടം പ്രതിഷ്ഠ നടത്തിയ ശേഷം സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം) അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചക്ക് അന്നദാനം. വൈകുന്നേരം അഞ്ചിന് ബിംബശുദ്ധി, എഴിന് വാസ്തുപൂജ, വസ്തുഹോമം തുടങ്ങിയ പൂജകൾ. 17 ന് ബുധനാഴ്ച രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം, ശാന്തിഹോമം.ക്ഷേത്രം ശാന്തി രാമചന്ദ്രൻ കാക്കടവ് പൂജാദി കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.രാവിലെ 6.57 നും 8.43 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ പ്രതിഷ്ഠ കർമ്മം നിർവഹിക്കും. പൂജാരിമാരായ രമേശൻ രമാസദനം, വിശ്വംഭരൻ തകിടിയേൽ എന്നിവർ സഹ കാർമികത്വം വഹിക്കും. വിവിധ പൂജകൾ പൂർത്തിയാക്കി പ്രസാദവിതരണം നടത്തിയ ശേഷം അദ്ദേഹം അനുഗ്രഹ പ്രഭാഷണം നടത്തും. എസ്. എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ക്ഷേത്ര സമർപ്പണവും യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.ടി ലാലു നടപന്തലിന്റെ സമർപ്പണവും നിർവ്വഹിക്കും.തുടർന്ന് കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം എസ്. എൻ. ഡി. പി യോഗം വെള്ളരിക്കുണ്ട് യൂണിയൻ പ്രസിഡണ്ട് പി.എസ്. സോമന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി വി.വിജയ രംഗൻ മാസ്റ്റർ ഉൽഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എൻ. ടി ബാബു ആമുഖഭാഷണം നടത്തും. മുണ്ടക്കയം ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡണ്ട് ലാലിറ്റ് എസ്. തകിടിയേൽ മുഖ്യപ്രഭാഷണം നടത്തും. കൊന്നക്കാട് ശാഖ സെക്രട്ടറി സിജി സന്തോഷ് ക്ഷേത്രനിർമ്മാണ വിശദീകരണം നടത്തും. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, കൊന്നക്കാട് സെന്റ് മേരീസ് ചർച്ച് വികാരി റവ. ഫാദർ ജോർജ് വെള്ളരിങ്ങാട്, കൊന്നക്കാട് ജുമാ മസ്ജിദ് ഇമാം മുഹമ്മദ് റാഷിദ് ഹിമാമി സഖാഫി ബങ്കളം, സി. പി. എം നേതാവ്ടി . പി തമ്പാൻ, മാധ്യമ പ്രവർത്തകൻ ഉദിനൂർ സുകുമാരൻ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, നിർമ്മാണ കമ്മിറ്റി ഭാരവാഹി പി ജി സുകേഷ്, ശാഖാ വൈസ് പ്രസിഡണ്ട് കെ പി റെജി തുടങ്ങിയവർ പ്രസംഗിക്കും. ക്ഷേത്ര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സഹകരിച്ചവരെയും മുതിർന്ന സമുദായ നേതാക്കളെയും അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി, കവിത പാരായണം, നാടൻപാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സൗഹൃദ വടംവലി മത്സരം തുടങ്ങിയവ അരങ്ങേറും. വാർത്ത സമ്മേളനത്തിൽ എസ്. എൻ. ഡി. പി യോഗം വെള്ളരിക്കുണ്ട് യൂണിയൻ സെക്രട്ടറി വി. വിജയരംഗൻ മാസ്റ്റർ, കൊന്നക്കാട് ശാഖ സെക്രട്ടറി സിജി സന്തോഷ്, വൈസ് പ്രസിഡന്റ് കെ. പി റെജി, ആർ. സന്തോഷ് എന്നിവർ പങ്കെടുത്തു.
No comments