വിപുലമായ സാഹിത്യ ചലച്ചിത്ര പ്രവർത്തകരുടെ സംഗമത്തിന് പയ്യന്നൂർ സാക്ഷിയാവുന്നു എൻ ശശിധരൻ പുരസ്കാര സമർപ്പണവും ആദരസമ്മേളനവും ജനു. 7 ന് പയ്യന്നൂരിൽ
പയ്യന്നൂര്‍ : പയ്യന്നൂർ കേന്ദ്രമാക്കിക്കൊണ്ടുള്ള സാഹിത്യ, നാടക, സിനിമ ആസ്വാദകരുടെ വിപുലമായ കൂട്ടായ്മയായ 'സഹൃദയക്കൂട്ട'ത്തിന്റെ സമഗ്രസംഭാവനാപുരസ്‌കാരം നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമായ എന്‍ ശശിധരന് 2024 ജനുവരി 7 ന് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ബാബു അന്നൂര്‍ രൂപകല്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈകുന്നേരം 5.30 ന് നടക്കുന്ന ആദരസമ്മേളനത്തില്‍ വെച്ച് കെ സച്ചിദാനന്ദന്‍, കെ ജി ശങ്കരപ്പിള്ള, ഇന്ദ്രന്‍സ്, സി വി ബാലകൃഷ്ണന്‍, ഇ വി രാമകൃഷ്ണന്‍ എന്നിവര്‍ചേര്‍ന്ന് പുരസ്കാരസമര്‍പ്പണം നടത്തും. ചടങ്ങില്‍ പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍ അധ്യക്ഷത വഹിക്കും. ഇ പി രാജഗോപാലന്‍ എന്‍ ശശിധരന്റെ സംഭാവനകളെ അനുസ്മരിക്കും.
ടി വി ചന്ദ്രന്‍, സക്കറിയ, ഇ പി രാജഗോപാലന്‍, പി എന്‍ ഗോപീകൃഷ്ണന്‍, ആര്‍ രാജശ്രീ എന്നിവരടങ്ങുന്നതാണ് പുരസ്‌കാരനിര്‍ണ്ണയ സമിതി. 'മെനി ഇയേഴ്സ് ലെയ്റ്റര്‍' എന്ന പേരില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് എന്‍ ശശിധരന്‍ ആദരസമ്മേളനം നടക്കുക.
രാവിലെ 10 മണിക്ക് നടക്കുന്ന കഥയുടെ ലോകപഥങ്ങള്‍ എന്ന സെഷനില്‍ അംബികാസുതൻ മാങ്ങാട്, വി എസ് അനിൽകുമാർ, ഇ സന്തോഷ് കുമാർ, സന്തോഷ് ഏച്ചിക്കാനം, സുസ്മേഷ് ചന്ദ്രോത്ത്, ആര്‍ രാജശ്രീ, വിനോയ് തോമസ്, പി വി ഷാജികമാർ, കെഎൻ പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും. പി.കെ സുരേഷ് കുമാർ മോഡറേറ്ററാവും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന നാടകം അഥവാ ജീവിതം എന്ന സംവാദത്തില്‍
പ്രിയനന്ദനന്‍, വി.ശശി, മനോജ് കാന, കെ.പി.ഗോപാലന്‍, മഞ്ജുളന്‍, രത്‌നാകരന്‍ കോഴിക്കോട്, രജിത മധു, പ്രദീപ് മണ്ടൂര്‍, ഉദിനൂര്‍ ബാലഗോപാലന്‍, രാജ്‌മോഹന്‍ നീലേശ്വരം തുടങ്ങിയവര്‍ പങ്കെടുക്കും. എം കെ മനോഹരന്‍ മോഡറേറ്ററാവും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന എന്‍ ശശിധരന്‍ ഓര്‍മ്മ അനുഭവം എന്ന സെഷനില്‍ വി ടി മുരളി, പി.എന്‍ ഗോപികൃഷ്ണന്‍, മാങ്ങാട് രത്‌നാകരന്‍, സി. ഭാഗ്യനാഥന്‍, ബാര ഭാസ്‌കരന്‍, ടി.പി. വേണുഗോപാലന്‍, മാധവന്‍ പുറച്ചേരി, പ്രേംനാഥ് തലശേരി, കവിയൂര്‍ ബാലന്‍ തുടങ്ങിയവര്‍ സംസാരിക്കും. ജി ബി വത്സന്‍ മോഡറേറ്റ് ചെയ്യും.
പുരസ്കാരസമര്‍പ്പണത്തോടനുബന്ധിച്ച് വൈകുന്നേരം 6 മണിക്ക് എന്‍ ശശിധരന്റെ ജീവിതത്തെ ആസ്പദമാക്കി ജയന്‍ മാങ്ങാട് സംവിധാനം ചെയ്ത മെതിയടി എന്ന ഡോക്യുമെന്ററി സിനിമ പ്രദര്‍ശിപ്പിക്കും. 6.30 ന് എന്‍ ശശിധരന്‍ രചിച്ച് എസ് സുനില്‍ സംവിധാനം ചെയ്ത ജീവചരിത്രം നാടകത്തിന്റെ പുനരാവിഷ്കരണം ഉണ്ടാവും. ബാബു അന്നൂരിന്റെ നേതൃത്വത്തില്‍ വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സിന്റെ സഹകരണത്തോടെയാണ് പതിഞ്ചോളം നടീനടന്മാരെ അണിനിരത്തി നാടകം അവതരിപ്പിക്കുന്നത്.
ചിത്ര-പുസ്തക പ്രദര്‍ശനം ജനുവരി 6 നു ആരംഭിക്കും.
എന്‍ ശശിധരന്‍ എഴുതിയ മുപ്പതിലധികം പുസ്തകങ്ങളുടെയും അദ്ദേഹത്തെക്കുറിച്ച് കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും പ്രദര്‍ശനം ജനുവരി 6, 7 തീയതികളില്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വെച്ച് നടക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജനുവരി 6 ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രശസ്ത എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും.
No comments