Breaking News

ടി.കെ.കെ. സ്മാരക പുരസ്‌ക്കാരം കാഞ്ഞങ്ങാട് രാമചന്ദ്രന്


കാഞ്ഞങ്ങാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ- സാംസ്‌കാരിക മണ്ഡലങ്ങളില്‍ കാഞ്ഞങ്ങാടിന്റെ  നിറസാന്നിധ്യവുമായിരുന്ന ടി.കെ.കെ. നായരുടെ ഓര്‍മ്മയ്ക്കായി ടി.കെ.കെ.ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 17-ാമത് പുരസ്‌ക്കാരം സംഗീത കുലപതിയും ക്ഷേത്രകലാ അക്കാദമി ചെയര്‍മാനുമായ സംഗീത രത്്‌നം ഡോ.കാഞ്ഞങ്ങാട് സി. രാമചന്ദ്രന് സമര്‍പ്പിക്കുമെന്ന്  ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. സി.കെ. ശ്രീധരന്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അസ്ലം, സെക്രട്ടറി ടി.കെ. നാരായണന്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  

സമര്‍പ്പണ ചടങ്ങ് ഫെബ്രുവരി അവസാനം കാഞ്ഞങ്ങാട് ബിഗ്മാള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം  87 തവണ സംഗീത പരിപാടികള്‍ അവതരിപ്പിച്ച രാമചന്ദ്രന്‍ കഴിഞ്ഞ 50 വര്‍ഷമായി  കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന്  വേദികളില്‍ സംഗീതപരിപാടികളും  ഭക്തിഗാന സിനിമാ പരിപാടികളും അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  മലയാള ഭക്തിഗാനസരണികളിലും  ലളിതഗാന പ്രസ്ഥാനത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സാധ്യമായിട്ടുണ്ട്. 

സിനിമാ സംഗീത സംവിധാനം,  പിന്നണി ഗാനം,  തെയ്യംകല എന്നിവയിലും കാഞ്ഞങ്ങാട് രാമചന്ദ്രന് ശ്രദ്ധേയമായ സ്ഥാനമുണ്ട്.  29 വര്‍ഷം കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്്കൂളില്‍ സംഗീത അധ്യാപകനായി പ്രവര്‍ത്തിച്ചു.  ഇപ്പോള്‍ ജന്മദേശമായ ചെറുകുന്നില്‍ വൈഖരി സംഗീത വിദ്യാലയവും  ദീക്ഷിത് ഓഡിയോ റെക്കോഡിംഗ്്് എന്ന സ്ഥാപനവും നടത്തിവരുന്നു.

50 വര്‍ഷത്തെ സംഗീത സപര്യയില്‍ നിരവധി പുരസ്‌കാരങ്ങള്‍ കാഞ്ഞങ്ങാട് രാമചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്. സംഗീതാധ്യാപനത്തിലൂടെ  ഒട്ടനവധി കലാകാരന്മാരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞ രാമചന്ദ്രന്‍ 25  മണിക്കൂര്‍ തുടര്‍ച്ചയായി സംഗീത കച്ചേരി നടത്തിയതിന്  സംഗീതരത്നം ബഹുമതിയും നേടി. ഇന്റര്‍ നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ്  ഡിലീറ്റ്  (ഡോക്ടറേറ്റ്) നേടിയത്. 

യേശുദാസിന്റ ജന്മദിനത്തില്‍ എല്ലാ വര്‍ഷവും കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്താറുള്ള കാഞ്ഞങ്ങാട് രാമചന്ദ്രന്റെ  ഗുരുനാഥന്‍, പിതാവ് സി.കെ.പണിക്കര്‍ ഭാഗവതരാണ്. മാതാവ് നാണിയമ്മ.

ടി.കെ.കെ. ഫൗണ്ടേഷന്‍ മുന്‍ അവാര്‍ഡ് ജേതാക്കള്‍ ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ്് കെ. മാധവന്‍, അഡ്വ. ഹമീദലി ഷംനാട്, കൃഷി ശാസ്ത്രജ്ഞന്‍ ഡോ. കെ.പി. പ്രഭാകരന്‍ നായര്‍,  കാനായി കുഞ്ഞിരാമന്‍,  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍,  മുന്‍ എം.എല്‍.എ. എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍,  കെ.സി. ഭാസ്‌കരന്‍,  സായിറാം ഭട്ട്, എച്ച്. ശ്രീധര്‍ കമ്മത്ത്, ഡോ. എ.സി. പത്മനാഭന്‍, പി.വി. കൃഷ്ണന്‍, എം.എ. റഹ്‌മാന്‍, പുണിഞ്ചിത്തായ, ഡോ. എ.എം. ശ്രീധരന്‍,  സി. യൂസഫ് ഹാജി,  എ.കെ. നാരായണന്‍ എന്നിവരാണ്.

No comments