Breaking News

സിദ്ധാർത്ഥിന്റെ മരണം; SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ DYSP ഓഫീസിൽ കീഴടങ്ങി




വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ DYSP ഓഫീസിൽ കീഴടങ്ങി. സർവകലാശാല യൂണിയൻ പ്രസിഡ‍ന്റ് കെ അരുൺ നേരത്തെ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കസ്റ്റഡിയിലുള്ള ആളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇനി എട്ടു പേരെ പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്. അമൽ ഇസ്ഹാനും കെ അരുണും മാനന്തവാടി സ്വദേശികളാണ്. ഇരുവരും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ​ഗൂഢാലോചന നടത്തുകയും ചെയ്തെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഇവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നാളെ കടക്കും. പ്രതികൾക്ക് വേണ്ടി വിവിധ ജില്ലകളിലായി 20 അം​ഗ സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് രണ്ടു പ്രതികൾ കീഴടങ്ങിയത്. സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ടായിരുന്നു.

No comments