രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ ഓൾ കേരള ഇന്റർ സ്‌കൂൾ മാനേജ്മെന്റ് ഫെസ്റ്റ് സമാപിച്ചു വരക്കാട് സ്കൂളിലെ വിപഞ്ചിക സന്തോഷിനെ ബെസ്റ്റ് മാനേജർ ആയി തിരഞ്ഞെടുത്തു
രാജപുരം: വിദ്യാര്‍ഥികളുടെ മാനേജ്‌മെന്റ് വൈദഗ്ധ്യം മത്സര രൂപേണ പരിശോധിക്കപ്പെട്ട രാജപുരം സെന്റ് പയസ്സ് ടെന്‍ത് കോളേജിലെ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘാടകമികവുകൊണ്ട് ശ്രദ്ധേയമായി. കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളിലെ 50 ല്‍ അധികം സ്‌കൂളുകളില്‍ നിന്നായി 200 വിദ്യാര്‍ഥികള്‍ പങ്കെടുത്ത മാനേജ്‌മെന്റ് ഫെസ്റ്റ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എസ് ബിജോയ് നന്ദന്‍ ഉദ്ഘാടനം ചെയ്തു. വിദേശ സര്‍വകലാശാലകളിലെ ഗുണനിലവാരം ഇന്ത്യന്‍ സര്‍വ്വകലാശാലകളിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ് എന്നും, ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ്ണ തോതില്‍ നടപ്പിലാകുമ്പോള്‍ വലിയ മാറ്റം നടപ്പിലാകുമെമെന്നും, കോഴ്‌സുകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞു വരികയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്തര്‍ദേശീയ തലത്തിലുള്ള മാറ്റങ്ങളാല്‍ ദേശീയ സമ്പദ് വ്യവസ്ഥയില്‍ തന്നെ വലിയ ചലനങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് അധ്യക്ഷത വഹിച്ച പ്രിന്‍സിപ്പാള്‍ ഡോ എം ഡി ദേവസ്യ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രം അവസരം ലഭിച്ചിരുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് വ്യത്യസ്തമായ അനുഭവമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രോ മാനേജര്‍ ഫാ. ജോയി കട്ടിയാങ്കല്‍ അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം ആഹ്വാനം ചെയ്ത ഉന്നത വിദ്യാഭ്യാസ അക്കാദമിക്ക് വിനിമയം സ്‌കൂളുകളില്‍ എന്ന ആശയം ആദ്യം നടപ്പിലാക്കിയ രാജപുരം കോളേജ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തെ ഫാ.ബേബി കട്ടിയാങ്കല്‍ അഭിനന്ദിച്ചു.
മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ബിജു ജോസഫ്, കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. ഷിനോ പി ജോസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഇ ശ്രീശാന്ത് എന്നിവര്‍ സംസാരിച്ചു. ബെസ്റ്റ് മാനേജര്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയ നാലുപേരും പെണ്‍കുട്ടികള്‍ ആയിരുന്നു എന്നത് ശ്രദ്ധേയമായി. ബെസ്റ്റ് മാനേജര്‍ ആയി വരക്കാട് വള്ളിയോടൻ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ വിപഞ്ചിക സന്തോഷ് തെരഞ്ഞെടുക്കപ്പെട്ടു . ബെസ്റ്റ് മാനേജ്‌മെന്റ് ടീം മത്സരത്തില്‍ കേന്ദ്രീയ വിദ്യാലയ കാഞ്ഞങ്ങാട് ഒന്നാം സ്ഥാനവും, സെന്റ് ജൂഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും നേടി, ബിസിനസ് ക്വിസ് മത്സരത്തില്‍ ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശിവാനി പി നായര്‍, ആതിര ബാബുരാജ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കനറാ ബാങ്ക് ചുള്ളിക്കര മാനേജര്‍ ശ്യാം സുധി വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
No comments