Breaking News

അഭിമന്യു കേസിൽ തുടക്കം മുതൽ അലംഭാവം; കൊലക്കത്തി കണ്ടെത്തിയില്ല, മുഖ്യപ്രതിയെ പിടിക്കാനും വിചാരണയും വൈകി ഇപ്പോൾ കുറ്റപത്രവും രേഖകളും കാണാതായി



കൊച്ചി: അഭിമന്യു കൊലക്കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ തുടങ്ങാനിരിക്കെ കോടതിയിൽ നിന്ന് സുപ്രധാന രേഖകൾ കാണാതായ സംഭവം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. സംഭവത്തിൽ പോപ്പുലര്‍ ഫ്രണ്ടിനെ കുറ്റപ്പെടുത്തി എസ്എഫ്ഐ രംഗത്ത് വന്നിട്ടുണ്ട്. കോടതിയിൽ നിന്ന് രേഖകൾ കാണാതായ സംഭവം അറിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതിയെ വിവരം അറിയിക്കുക മാത്രമാണ് സെഷൻസ് കോടതി ചെയ്തത്.


അഭിമന്യു കൊലക്കേസിലെ കുറ്റപത്രവും അനുബന്ധ രേഖകളും അടക്കമാണ് കാണാതായത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സംഭവം നേരിട്ട് അന്വേഷിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുന്നു. എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് രേഖകൾ കാണാതായത്. ഇതിൽ കേസിൽ പൊലീസ് അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച കുറ്റപത്രവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.


മൂന്ന് മാസം മുന്‍പാണ് രേഖകള്‍ കാണാതായത്. സംഭവത്തിൽ അന്വേഷണത്തിന് മുതിരാത്ത സെഷന്‍സ് കോടതിയുടെ നീക്കങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. സുപ്രധാന കേസിലെ രേഖകള്‍ നഷ്ടമായതിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, രേഖഖള്‍ വീണ്ടെടുക്കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അഭിമന്യു കൊലക്കേസില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനും പൊലീസിനും ആത്മാര്‍തഥ ഇല്ലെന്ന ആക്ഷേപം സജീവമാണ്. മുഖ്യപ്രതിയെ പിടികൂടാന്‍ ഏറെ വൈകി. അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോടതിയിലും കേസ് വിചാരണ തുടങ്ങാതെ ഏറെക്കാലമായി കെട്ടികിടക്കുകയായിരുന്നു. രേഖകള്‍ കാണാതായ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ഫേസ് ബുക്കില്‍ കുറിച്ച എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ സംഭവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

No comments