Breaking News

ബംഗളൂരു കഫേ സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി ബെല്ലാരിയിൽ നിന്നാണ് സബീർ എന്നയാളെ പിടികൂടിയത്

ബെംഗളുരു: കഫേയിലെ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ എൻ ഐ എ പിടികൂടി. കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് സബീർ എന്നയാളെ പിടികൂടിയത്. ഇയാളുടെ യാത്ര രേഖകൾ പരിശോധിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മാർച്ച് രണ്ടിന് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിൻ്റുകളിൽ ഒന്നാണ് രാമേശ്വരം കഫേ. മാര്‍ച്ച് രണ്ടിനാണ് ഇവിടെ സ്ഫോടനമുണ്ടായത്. ശക്തി കുറഞ്ഞ ഐഇഡിയാണ് സ്ഫോടനത്തിന് ഉപയോഗിച്ചെന്നാണ് പൊലീസ് പറഞ്ഞത്. 2022-ൽ മംഗളുരുവിലുണ്ടായ സ്ഫോടനവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് എൻ ഐ എ.

രാമേശ്വരം കഫേയിലേക്ക് കയറി വന്ന, 10 എന്നെഴുതിയ വെള്ള തൊപ്പി ധരിച്ച, കണ്ണട വെച്ച ആളാണ് ശുചിമുറിയുടെ പുറത്ത് ബാഗ് ഉപേക്ഷിച്ചതെന്ന് സ്ഥിരീകരിച്ചു. റവ ഇഡലി ഓർഡർ ചെയ്ത് അത് കഴിക്കാതെ വാഷ് ഏരിയയിൽ ബാഗ് വച്ച് കടന്ന് കളഞ്ഞ പ്രതിക്ക് 30 മുതൽ 35 വയസ്സ് വരെ പ്രായമുണ്ടെന്നാണ് അന്വേഷണ സംഘം നൽകിയ വിവരം. ഇയാളെയാണോ എൻ ഐ എ പിടികൂടിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

സ്ഫോടനത്തിൽ ആര്‍ക്കും സാരമായി പരിക്കേറ്റിരുന്നില്ല. തീവ്രത കുറഞ്ഞ സ്ഫോടനമായതിനാൽ വലിയ അപകടമാണ് ഒഴിവായത്. കേസിൽ എട്ട് സംഘങ്ങളായി തിരി‍ഞ്ഞാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.







No comments