6.96 കോടിയുടെ ഗുരുപുരം വ്യാജ കറൻസി കേസ് ; ഒളിവിൽ പോയ രണ്ടുപേരെ വയനാട്ടിൽ വെച്ച് പോലീസ് പിടികൂടി
അമ്പലത്തറ : 6.96 കോടിയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ സൂക്ഷിച്ച കേസിൽ ഒളിവിൽ പോയ രണ്ടുപേരെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. പെരിയ സി.എച്ച് ഹൗസ്, അബ്ദുൾ റസാക്ക്(49), മവ്വൽ, പരയങ്ങാനം വീട്ടിൽ സുലൈമാൻ(52) എന്നിവരെയാണ് ബത്തേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ അമ്പലത്തറ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇവർ. ബേളൂർ വില്ലേജിൽ ഗുരുപുരം എന്ന സ്ഥലത്ത് വാടകക്കെടുത്ത വീട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ മാർച്ച് 20ന് വൈകീട്ട് പോലീസ് കണ്ടെടുക്കുന്നത്. ഇവരെ ബത്തേരി പോലീസ് അമ്പലത്തറ പോലീസിന് വിട്ടുനൽകും.
എസ്.ഐ സാബു, സിവിൽ പോലീസ് ഓഫിസർമാരായ എം.എസ്. ഷാൻ, കെ. അജ്മൽ, പി.എസ്. നിയാദ് എന്നിവർ ചേർന്ന് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കസ്റ്റഡിലെടുക്കാൻ അമ്പലത്തറ പോലീസ് വയനാട്ടിലേക്ക് പോയിട്ടുണ്ട്.
No comments