അക്ഷരക്കണിയൊരുക്കിയും പുസ്തകങ്ങൾ കൈനീട്ടമായി നൽകിയും ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിൽ വേറിട്ട രീതിയിൽ വിഷു ആഘോഷം
ആയന്നൂർ : അക്ഷരക്കണിയൊരുക്കിയും പുസ്തകങ്ങൾ കൈനീട്ടമായി നൽകിയും ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിൽ വേറിട്ട രീതിയിൽ വിഷു ആഘോഷിച്ചു.
ബാലവേദി നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു - പുസ്തക കണി ബിആർസി ക്ലസ്റ്റർ കോ ഓർഡിനേറ്റർ പി. പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത വിദ്യാർഥികൾക്കെല്ലാം പുസ്തകങ്ങൾ കൈനീട്ടമായി നൽകി.
അഭിവൃദ്ധിയുടെ തുടക്കം അറിവിലൂടെ എന്ന സന്ദേശവുമായാണ് കുട്ടികളുടെ അവധിക്കാല വായനശാലയുടേയും ബാലവേദിയുടേയും നേതൃത്വത്തിൽ പുസ്തക കണിയൊരുക്കിയത്. വായനാ ചലഞ്ചിൽ പങ്കെടുക്കുന്നവരുടെ പുസ്തകാസ്വാദനം, കവിതാലാപനം തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ചടങ്ങിൽ ബാലവേദി പ്രസിഡൻ്റ് സിദ്ധാർഥ് സജീവൻ അധ്യക്ഷനായി. വായനാ ചലഞ്ച് മെൻ്റർ അനുശ്രീ ലക്ഷ്മണൻ, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സി. അംഗം കെ. ഗോവിന്ദൻ, നേതൃസമിതി കൺവീനർ പി.ഡി.വിനോദ്, ഗ്രന്ഥശാല പ്രസിഡൻറ് പി.വി. പുരുഷോത്തമൻ, സെക്രട്ടറി പ്രശാന്ത് സി.ടി എന്നിവർ പ്രസംഗിച്ചു.
ബാലവേദി ജോയിൻ്റ് സെക്രട്ടറി അനുശ്രീ പ്രസാദ് സ്വാഗതവും വൈസ് പ്രസിഡൻ്റ് പി. ദേവനന്ദ നന്ദിയും പറഞ്ഞു.
No comments