മന്ത്രി വിദേശ ടൂറിൽ ; നാലാംദിവസവും മുടങ്ങി ഡ്രൈവിംഗ് ടെസ്റ്റ്, പണമടച്ച് കാത്തിരിക്കുന്നത് 9.45 ലക്ഷം പേർ
തിരുവനന്തപുരം : 9.45 ലക്ഷം അപേക്ഷകർ. ഇവരിൽ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്‌കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല.
കഴിഞ്ഞ നാല് ദിവസം മാത്രം 10,320 പേർക്കാണ് ടെസ്റ്റ് മുടങ്ങിയത്. ഡ്രൈവിംഗ് സ്‌കൂൾ സംയുക്ത സമിതി സമരം തുടരുമ്‌ബോൾ, ടെസ്റ്റ് എന്ന് പുനരാരംഭിക്കാനാവുമെന്ന് മോട്ടോർ വാഹന അധികൃതർക്ക് നിശ്ചയമില്ല. പരിഹാരം കാണേണ്ട ഗതാഗത മന്ത്രി കെ.ബി.ഗണേശ്കുമാർ ഇന്തോനേഷ്യയിൽ ടൂറിലാണ്. ഒരാഴ്ചയ്ക്കുശേഷമേ മടങ്ങിയെത്തൂ.
ആകെ 86 കേന്ദ്രങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നത്. ഏപ്രിൽ വരെ പ്രതിദിനം 100 ടെസ്റ്റ് നടന്നിരുന്നു. എന്നാൽ മേയ് രണ്ടുമുതൽ ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറച്ചു. ഇതോടെ സമരമായി. തുടർന്ന് എണ്ണം ദിവസം നാല്പതാക്കി. പക്ഷേ, അറുപതാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരം പിൻവലിച്ചാലും മുൻകൂർ സ്ലോട്ട് നൽകിയതിനാൽ ടെസ്റ്റ് മുടങ്ങിയവരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം വേണം.
ആറു മാസമാണ് ലേണേഴ്‌സിന്റെ സമയപരിധി. ലേണേഴ്‌സ് ലഭിച്ച് ഒരു മാസത്തിന് ശേഷം ടെസ്റ്റിന് ഹാജരാകാം. ലേണേഴ്‌സിന് 1450 രൂപയാണ് ഫീസ്. ആറുമാസപരിധി കഴിഞ്ഞാൽ വീണ്ടും 300 അടച്ച് ലേണേഴ്‌സ് പുതുക്കണം.
പൊലീസ് വന്നിട്ടും രക്ഷയില്ല
ഇന്നലെ പൊലീസ് സംരക്ഷണയോടെ ടെസ്റ്റ് നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ടെസ്റ്റിംഗ് കേന്ദ്രങ്ങൾക്ക് മുമ്ബിൽ സമരക്കാർ പ്രതിഷേധിച്ചു. മുടങ്ങുമെന്നുറപ്പുള്ളതിനാൽ ടെസ്റ്റിന് ഭൂരിഭാഗം പേരും എത്തിയിരുന്നില്ല. എത്തിയ ഇടങ്ങളിൽ, ഡ്രൈവിംഗ് സ്‌കൂളിന്റെ വാഹനം വിട്ടുകൊടുക്കാത്തതിനാൽ ടെസ്റ്റ് നടന്നില്ല. തിരുവനന്തപുരം മുട്ടത്തറയിൽ സ്വന്തം വാഹനവുമായി രണ്ടുപേർ ടെസ്റ്റിനെത്തി. പ്രതിഷേധക്കാർ തടഞ്ഞെങ്കിലും പൊലീസ് ഗ്രൗണ്ടിലേക്ക് കയറ്റി. എന്നാൽ, സ്‌ളോട്ട് റദ്ദായതിനാൽ ടെസ്റ്റിൽ പങ്കെടുക്കാനായില്ല.
സർക്കുലർ വീണ്ടും മാറ്റി
റോഡ് ടെസ്റ്റിന് ശേഷം മതി ഗ്രൗണ്ടിലെ ടെസ്റ്റുകൾ എന്ന് പുതിയ സർക്കുലറിൽ ഉൾപ്പെടുത്തി ടെസ്റ്റ് വാഹനത്തിൽ രണ്ടാമത്തെ ക്‌ളച്ചും ബ്രേക്കും പാടില്ലെന്ന നിർദ്ദേശം മൂന്നുമാസത്തേക്ക് നടപ്പാക്കില്ല.15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് പാടില്ലെന്നതും ആറുമാസത്തേക്ക് നീട്ടി.ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ അന്നേദിവസം ഫിറ്റ്‌നസ് ടെസ്റ്റിന് പോകാൻ പാടില്ലെന്ന വ്യവസ്ഥയിൽ മാറ്റമില്ല

No comments