Breaking News

എക്സ്സൈസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ രാജിയിൽ ദുരൂഹതയെന്ന് ചെറിയാൻ ഫിലിപ്പ്, മറുപടിയുമായി മുസ്തഫ



തിരുവനന്തപുരം: എക്സ്സൈസ് മന്ത്രിമാരായ എം.വി.ഗോവിന്ദൻ, എം.ബി.രാജേഷ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി. മുസ്തഫക്കെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഏതാനും മാസം മുൻപുള്ള മുസ്തഫയുടെ രാജിയുടെ കാരണം സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്നും രാജിയിൽ ദുരൂഹതയുണ്ടെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാൻ ഫിലിപ്പ് മുസ്തഫയ്ക്കും സിപിഎമ്മിനുമെതിരെ രംഗത്ത് വന്നത്.


മലബാറിലെ ചില ബാർ ഉടമകളുമായുള്ള വഴിവിട്ട ബന്ധത്തെ തുടർന്ന് മുസ്തഫയെ പാർട്ടി പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയെന്ന് സി.പി.എം വൃത്തങ്ങളിൽ കേട്ടിരുന്നു. എന്നാൽ, മുസ്തഫയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മത്സരിപ്പിക്കാൻ രാജിവെപ്പിച്ചതാണെന്നായിരുന്നു മറുപ്രചരണം. തെരഞ്ഞെടുപ്പിൽ മുസ്തഫയെ സ്ഥാനാര്ഥിയായി ഒരു ഘട്ടത്തിലും പരിഗണിച്ചില്ലെന്നതാണ് വാസ്തവം. ബാർ ഉടമ സംഘടനയുടെ വൈസ് പ്രസിഡണ്ടിന്റെ ശബ്ദ സന്ദേശം പുതിയ ബാർ കോഴയുടെ കറുത്ത കരങ്ങൾ എക്സൈസ് മന്ത്രിയുടെ ഓഫീസിലേക്ക് നീളുകയാണ്. മുസ്തഫയുടെ പുറത്താക്കൽ സംബന്ധിച്ച ദുരൂഹതകൾ ഇല്ലാതാകണമെങ്കിൽ പാർട്ടിയും മന്ത്രിയും നിലപാട് വിശദീകരിക്കണം- ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.


അതേസമയം ചെറിയാൻ ഫിലിപ്പിന് മറുപടിയുമായി വി.പി.പി. മുസ്തഫയും രംഗത്തെത്തി. അഴിമതി നടത്തിയ ഒരാൾ ആണെങ്കിൽ സിപിഐഎം എന്നെ ഇതുപോലെ പാർട്ടിക്കകത്ത് വെച്ചുപൊറുപ്പിക്കുമോയെന്നും താൻ ഇപ്പോഴും പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണെന്നും മുസ്തഫ ചെറിയാൻ ഫിലിപ്പിന് മറുപടി നൽകി. ചാനൽ ചർച്ചകളിൽ പാർട്ടിയെ പ്രതിനിധീകരിക്കാൻ എകെജി സെന്ററിൽ നിന്ന് നിയോഗിക്കുന്ന ആളാണ് താൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർഗോഡ് അസംബ്ലി മണ്ഡലത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്ന പ്രവർത്തകനാണെന്നും മുസ്തഫ പറയുന്നു.

കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിന്റെ നവമാധ്യമ പ്രവർത്തനങ്ങളുടെ ചുമതല ഉണ്ടായിരുന്നു, സിഐടിയുവിന്റെ ജില്ലാ വൈസ് പ്രസിഡണ്ട് ആയും അതിലെ വിവിധ യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിക്കുന്നു താങ്കൾ സൂചിപ്പിച്ചതുപോലെ മന്ത്രി ഓഫീസിൽ ഞാൻ തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്തേക്കാണല്ലോ പറഞ്ഞു വിടുക. മന്ത്രി ഓഫീസിൽ ഇരുന്ന് ഞാൻ ഏതെങ്കിലും തെറ്റായ കാര്യങ്ങൾ നടത്തിയതായി വ്യക്തമായ തെളിവുകളോടെ താങ്കൾക്ക് പറയാൻ സാധിക്കുമോയെന്ന് വെല്ലുവിളിക്കുന്നുവെന്നും മുസ്തഫ പറഞ്ഞു. താങ്കൾ തന്നെ പോസ്റ്റിൽ പറയുന്നത് വഴിവിട്ട ബന്ധം എനിക്കുണ്ടായിരുന്നു എന്ന് കേട്ടിരുന്നു എന്നാണ്. വെറും കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ശരിയാണോയെന്നും ഇത്തരം കേട്ട് കേൾവികളോട് പാർട്ടി സെക്രട്ടറിയും മന്ത്രിയും പ്രതികരിക്കേണ്ട വല്ല കാര്യവും ഉണ്ടോയെന്നും മുസ്തഫ ചോദിച്ചു.




No comments