Breaking News

ബന്തടുക്കയിൽ വർക്ക്ഷോപ്പ് ഉടമ ഓവുചാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: ബന്തടുക്ക ടൗണിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക പെട്രോൾ പമ്പിന് സമീപത്തെ മംഗലത്ത് ഹൗസിൽ രതീഷ് (42)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3.45 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്ത് സ്വന്തമായി വർക്ക്ഷോപ്പ് നടത്തുന്ന രതീഷ് സ്വകാര്യ ആശുപത്രിയിലെ ആംബുലൻസിൽ ഡ്രൈവറായും പോകാറുണ്ട്. വ്യാഴാഴ്ച രാത്രി 9.45 മണിയോടെ വീട്ടിലെത്തിയ ശേഷം ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് വർക്ക്ഷോപ്പിന് സമീപത്തെ ഓടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ രതീഷിനെ കാണപ്പെട്ടത്. ആൾക്കാരെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അതേ സമയം രതീഷിന്റെ വർക്ക്ഷോപ്പിന് സമീപത്ത് സ്കൂട്ടർ ചെരിഞ്ഞു വീണ നിലയിലും കണ്ടെത്തി. സ്കൂട്ടർ നിർത്തിയിടുന്നതിനിടയിൽ കാൽ തെന്നി ഓവുചാലിൽ തലയിടിച്ചു വീണതായിരിക്കുമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ബേഡകം പൊലീസ് കേസെടുത്തു. രവീന്ദ്രൻ നായർ ബാലാമണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നിമിത. ഏകമകൻ: അനസ്. സഹോദരങ്ങൾ: ദീപ, ശോഭ.

No comments