Breaking News

ചിത്താരിയിൽ ടാങ്കർ ലോറിയിലെ വാതക ചോർച്ച; ഉച്ചകഴിഞ്ഞിട്ടും പരിഹരിക്കാനായില്ല; 300 മീറ്റർ ചുറ്റളവിലെ ജനങ്ങളെ ഒഴിപ്പിച്ചു




കാസർകോട്: കെഎസ്ടിപി റോഡിൽ സെന്റർ ചിത്താരി ഹിമായത്തുൽ ഇസ്ലാം സ്കൂളിന് എതിർവശം റോഡിൽ രാവിലെ ഉണ്ടായ എൽപിജി ടാങ്കർ ലോറിയിലെ വാതക ചോർച്ച ഉച്ചകഴിഞ്ഞിട്ടും പരിഹരിക്കാനായില്ല. പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ 300 മീറ്റർ ചുറ്റളവിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫയർഫോഴ്സ് ആദ്യം ഗ്യാസ് ലീക്ക് അടയ്ക്കാൻ നടത്തിയ ശ്രമം പാളി. വിദഗ്ധരെ അറിയിച്ചതിനെ തുടർന്ന് മംഗളൂരു ഐ.ഒ.സി യിൽ നിന്ന് വിദഗ്ധർ സ്ഥലത്തെത്തി വാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് തഹസിൽദാർ, പൊലീസ് തുടങ്ങിയവർ ക്യാമ്പ് ചെയ്യുന്നുണ്ട്.

രാവിലെ ഏഴരയോടെയാണ് ഓടുന്ന ടാങ്കറിൽ ചോർച്ച കണ്ടെത്തിയത്. ഉടൻ റോഡരികിൽ ഒതുക്കി ഡ്രൈവർ നാട്ടുകാരെ വിവരമറിയിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു. കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് ട്രാഫിക്ക് ജംഗ്ഷനിൽ മാവുങ്കാൽ ദേശീയപാത വഴി പോകാനും കാസർകോട് നിന്ന് വരുന്ന വാഹനങ്ങൾ ബേക്കൽ വഴി വഴിമാറി പോകാനും നിർദേശം നൽകി. വൈകീട്ടോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.



No comments