Breaking News

ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കണം ; തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം


കാസർകോട് ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നിർദ്ദേശം നൽകി. നിലവിൽ ജില്ലയിൽ ആശങ്കാജനകമായ സാഹചര്യമില്ല. ബാവിക്കര കുടിവെള്ള പദ്ധതിയിൽ മേയ് 31 വരെ വിതരണത്തിന് കുടിവെള്ളം ലഭ്യമാണ്. തദ്ദേശസ്ഥാപനങ്ങൾ പ്രാദേശിക സ്രോതസുകൾ ഉപയോഗിച്ച് വെള്ളം എത്തിക്കണം കുടിവെള്ള പദ്ധതികൾ ' ജലനിധി പദ്ധതി കുഴൽക്കിണർ, പൊതുകിണർ എന്നിവയും പരമാവധി ഉപയോഗിക്കണം. ഏതെങ്കിലും പഞ്ചായത്തിൽ ആവശ്യമായ കുടിവെള്ളം ലഭ്യമല്ലെങ്കിൽ ബാവിക്കര പദ്ധതിയിൽ നിന്ന് കുടിവെള്ളം ഉപയോഗിക്കാം. കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്നവർ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ എത്രയും വേഗം അറിയിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ് അശ്വതി കൃഷ്ണയെ കോർഡിനേറ്ററായി നിയമിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൺട്രോൾ റൂം നമ്പർ: 04994257700

9446601700

ജില്ലാ ദുരന്ത നിവാരണ സമിതിയുടേയും ഗ്രാമപഞ്ചായത്ത് മുൻസിപ്പൽ സെക്രട്ടറിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.

കോളനികളും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലുമെല്ലാം കുടിവെള്ളമെത്തിക്കണമെന്ന് കളക്ടർ പറഞ്ഞു. മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പട്ടിക വർഗ്ഗ കോളിനികളും മറ്റും സന്ദർശനം നടത്തുമെന്നും കളക്ടർ പറഞ്ഞു. മെയ് 31വരെ ആവശ്യമായുള്ള ജലം ജില്ലയിലുണ്ടെന്നും മെയ് ആറ് മഴ ലഭിച്ച് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മേയആറിനകം ഫയർ ഓഡിറ്റ് പൂർത്തിയാക്കി ഏഴിന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും കുടിവെള്ള വിതരണം നടത്തി വരുന്നുണ്ടെന്നും. ആവശ്യ ഘട്ടത്തിൽ കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് മറ്റ് തദ്ദേശ സ്ഥാപനങ്ങളും സജ്ജമാണെന്നും കളക്ടർ പറഞ്ഞു.

മഴക്കാല പൂർവ്വ ശുചീകരണം; മെയ് അഞ്ചിന് പൊതു ഇടങ്ങൾ ശുചീകരിക്കും

കാസർകോട് ജില്ലയിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെയ് അഞ്ചിന് പൊതു ഇടങ്ങൾ ശുചീകരിക്കും. ദേശീയപാത, റെയിൽവേ അടിപ്പാതകൾ, തോടുകൾ, കനാലുകൾ തുടങ്ങി പൊതു ഇടങ്ങൾ ശുചീകരിക്കുമെന്നും കളക്ടർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഹരിതകർമ്മ സേന, തൊഴിലുറപ്പ് ജീവനക്കാർ, എൻ എസ് എസ് എൻ സി സി, യുവജനങ്ങൾ പൊതുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം സംഘടിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വീടുകളിലും ഡ്രൈ ഡേ ആചരിക്കും. സ്കൂളുകളിൽ മാർച്ച് 31ന് ആദ്യഘട്ട ക്ലീനിങ് നടന്നിരുന്നു. തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുൻപ് നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മറ്റികൾ ചേർന്ന് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും അപകട ഭീഷണി ഉയർത്തുന്ന മരങ്ങളുടെ വിഷയത്തിൽ തീരുമാനമെടുക്കണമെന്നും മഴക്കാലത്ത് മരങ്ങൾ കടപുഴകിയും മറ്റുമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു. ജില്ലയിലെ മൂന്ന് സൈക്ലോൺ ഷെഡുകളും അതാത് തദ്ദേശ സ്ഥാപനങ്ങൾ ശുചീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.വി ശ്രുതി, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ .ടി സഞ്ജീവ്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓഡിനേറ്റർ കെ. ബാലകൃഷ്ണൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ എ. ലക്ഷ്മി, ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അശ്വതി കൃഷ്ണ കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, എൽ.എസ്.ജി.ഡി പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

No comments