Breaking News

കാസർഗോഡ് ആരിക്കാടിയിൽ കാറിൽ കടത്തിയ 337 ലിറ്റർ വിദേശ മദ്യം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: ഡ്രൈ ഡേ ലക്ഷ്യമാക്കി കാസർകോട് ജില്ലയിൽ വിൽപ്പനക്കായി കാറിൽ കടത്തിയ 336.97 വിദേശ മദ്യം എക്സൈസ് പിടികൂടി. രണ്ടുപേർ അറസ്റ്റിലായി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻറ് ആന്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ആണ് മദ്യ കടത്ത് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മീഞ്ച സ്വദേശികളായ വിനീത് ഷെട്ടി(25), സന്തോഷ(25)എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ കുമ്പള ആരിക്കാടി ടൗണിൽ

പ്രിവെന്റീവ് ഓഫീസർ സാജൻ അപ്യാലും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് കുമ്പളയിൽ വാഹന പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ എത്തിയ റിറ്റ്സ് കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഡ്രൈവറുടെയും ഒപ്പമുള്ള ആളുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ വാഹനം തുറന്നു പരിശോധിച്ചു. കാറിന്റെ പിൻസീറ്റിന് അടിയിൽ ഒളിപ്പിച്ച 216 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യവും, 120.96 ലിറ്റർ ഗോവൻ മദ്യവും കണ്ടെത്തി. രണ്ടുപേരെയും അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്ത് അബ്കാരി കേസെടുത്തു. കേസ് രേഖകളും തൊണ്ടിമുതലും സാമ്പിൾ കുപ്പികളും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.

No comments