Breaking News

ഇനി ലോകോത്തര സിനിമകൾ കാണാൻ കാസർകോട് ജില്ലക്കാർക്കും അവസരം 'സിൽവർ സ്ക്രീൻ' കാഞ്ഞങ്ങാട് ഉദ്ഘാടനവും ആദ്യ പ്രദർശനവും നടന്നു


കാഞ്ഞങ്ങാട് : അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ലോകോത്തര സിനിമകൾ കാണാൻ ഇനി ഇതര ജില്ലകളിലെ ചലച്ചിത്ര മേളകളിലേക്ക് വണ്ടി പിടിക്കണമെന്നില്ല.

ഇതിനായി കാസറഗോഡ് ജില്ലയിലും വെള്ളിത്തിരയൊരുങ്ങുകയാണ്. ഒരുപറ്റം സഹൃദയരുടെ കൂട്ടായ്മയായ 'നമ്മള് കാഞ്ഞങ്ങാട്' ആണ് പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ സഹകരണത്തോടെ "സിൽവർ സ്ക്രീൻ" എന്ന പേരിൽ ചലച്ചിത്ര പ്രദർശന - ആസ്വാദക കൂടായ്മയ്ക്ക് രൂപം കൊടുത്തത്. ഉപാധികളില്ലാതെ നല്ല സിനിമകൾ കാണുകയും കാണിക്കുകയുമാണ് സിൽവർ സ്ക്രീനിൻ്റെ ലക്ഷ്യം. കാഞ്ഞങ്ങാട്  യു.ബി.എം.സി സ്കൂൾ ഹാളാണ് സ്ഥിരംവേദി.  

ഓരോ മാസവും ഓരോ സിനിമ എന്നതാണ് ആദ്യ ലക്ഷ്യം. വിദേശ സിനിമകൾ എല്ലാം മലയാളം ഉപശീർഷകത്തോടെയാണ് പ്രദർശിപ്പിക്കുന്നത്. സിൽവർ സ്ക്രീൻ രൂപീകരണ ഉദ്ഘാടനവും ആദ്യ പ്രദർശനവും  യുബിഎംസി സ്കൂൾ ഹാളിൽ വച്ച് ചലച്ചിത്രകാരൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു.  85-ാം വയസിലും സിനിമാ അഭിനയത്തിൽ സജീവമായി നിൽക്കുന്ന തമ്പായി അമ്മ മോനാച്ചയെ ആദരിക്കലും  സിൽവർ സ്‌ക്രീനിന്റെ ലോഗോ പ്രകാശനവും പ്രിയനന്ദൻ നിർവ്വഹിച്ചു. സിൽവർസ്ക്രീൻ പ്രതിനിധി ചന്ദ്രു വെള്ളരിക്കുണ്ട് അധ്യക്ഷനായി. സി.പി ശുഭ സ്വാഗതം പറഞ്ഞു. പയ്യന്നൂർ ഓപ്പൺ ഫ്രെയിമിലെ ആർ. നന്ദലാൽ, പ്രസ് ഫോറം പ്രസിഡണ്ട് ടി.കെ നാരായണൻ, രാജ്മോഹൻ നീലേശ്വരം , ജയൻ മാങ്ങാട് , ദിവാകരൻ വിഷ്ണുമംഗലം , മൃദുൽ വി.എം, സുനിൽ പിലിക്കോട്, സജീവൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് നബിൻ ഒടയഞ്ചാൽ നന്ദി പറഞ്ഞു. തുടർന്ന്  'ദ ഫസ്റ്റ് ഗ്രേഡർ' എന്ന ചിത്രത്തിന്റെ പ്രദർശനവും നടന്നു. പ്രവേശനം സൗജന്യമാണ്.

No comments