Breaking News

34 വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷം മലയോരത്തിന്റെ സ്വന്തം രമേശൻ മാഷ് പടിയിറങ്ങി എടത്തോട് എസ്.വി.എം ജി.യു പി സ്ക്കൂൾ പ്രധാനധ്യാപകനാണ്


പരപ്പ : നീണ്ട 34 വര്‍ഷത്തെ സേവനത്തിനു ശേഷം കരിമ്പിൽ രമേശന്‍ മാഷ് പടിയിറങ്ങുന്നു. ജി.എച്ച്.എസ്.എസ് മൊഗ്രാല്‍, ജി.യു.പി എസ് മാനടുക്കം, ജി.എച്ച്.എസ്.എസ്  ഷിറിയ, ജി.എച്ച്.എസ്. എസ് ബേക്കൂര്‍ എന്നിവിടങ്ങളില്‍ പി.ഡി. ടീച്ചറായും യു.പി.സ്ക്കൂൾ കണ്ണിവയല്‍, ജി.എൽ.പി സ്ക്കൂൾ പെരുതടി, ശാന്താ വേണുഗോപാൽ മെമ്മോറിയൽ ജിയുപി സ്ക്കൂൾ എടത്തോട് എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇന്ന് എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി.സ്കൂളില്‍ നിന്ന്  ഇന്ന് (31.5.2024) അധ്യാപക ജീവിതത്തിൽ നിന്നും പടിയിറങ്ങുകയാണ്.

          ഇരുപത്തിമൂന്ന് വര്‍ഷത്തോളം  പരപ്പ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിലായിരുന്നു സേവനം. ഈ കാലയളവില്‍ നിരവധി പ്രതിഭാധനരായ കുട്ടികളെ വളര്‍ത്തിയെടുത്തു. സബ് ജില്ല, ജില്ല, സംസ്ഥാന കായികമത്സരങ്ങളില്‍ മലയോരത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ച സ്കൂളായിരുന്നു ജി എച്ച് എസ് എസ് പരപ്പ. നിരവധി ഇന്റര്‍നാഷണല്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ രമേശന്‍മാഷ് വഹിച്ച പങ്ക് ചെറുതല്ല. കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം അവരുടെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിന്ന വ്യക്തിത്വമാണ് മാഷിന്റേത്. രക്ഷിതാക്കള്‍ പോലും അധ്യാപകന്‍ എന്നതിലുപരി ഒരു കുടുംബാംഗം പോലെയായിരുന്നു മാഷിനെ കണ്ടിരുന്നത്. സ്കൂളില്‍ കുട്ടികള്‍ക്ക് അപടമോ മറ്റെന്ത് ബുദ്ധിമുട്ടുകളോ നേരിട്ടാല്‍ ആദ്യം ഓടിയെത്തുന്നതും ചികിത്സാകേന്ദ്രത്തിലെത്തിക്കുന്നതും മാഷായിരിക്കും. നിരവധി കുട്ടികളുടെ പഠനാവശ്യത്തിലേക്കായി സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്. എടത്തോട് സ്കൂളിനെ സംബന്ധിച്ചടുത്തോളം 2023-24  മികവിന്റെ ഒരു അക്കാദമിക വര്‍ഷം തന്നെയായിരുന്നു. എല്ലാ മേളകളിലും മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചു. സബ് ജില്ലാ കായികമേളയില്‍ യു.പി.വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ സ്കൂളിന് സാധിച്ചു. ഖൊ-ഖൊ മത്സരത്തില്‍ ജില്ലയിലെ തന്നെ മികച്ച ടീമായി മാറാന്‍ സാധിച്ചു. സംസ്ഥാന തലത്തില്‍ കുട്ടികള്‍ മത്സരിച്ചു. ചിറ്റാരിക്കാല്‍ ഉപജില്ല പ്രവൃത്തിപരിചയമേള എടത്തോട് സ്കൂളില്‍ നടത്തി വമ്പിച്ച വിജയമാക്കിയതിനു പിന്നിലും മാഷിന്റെ സംഘാടനമികവ് ഒന്നുകൊണ്ടു മാത്രമാണ്.മികച്ച സംഘാടകനും ജില്ലയിലെ തന്നെ മികച്ച അനൗണ്‍സറും കൂടിയാണ് മാഷ്. ഈ നന്മമനസ്സ്  പടിയിറങ്ങുമ്പോള്‍ ഈ മേഖലയില്‍  വലിയൊരു വിടവു തന്നെയായിരിക്കും എന്നുള്ളതില്‍ സംശയമില്ല. വരക്കാട് ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപിക ലിനി.കെ.വിയാണ് ഭാര്യ. മക്കള്‍ നിരഞ്ജന്‍ , നിയ.  പി.ടി.എ നടത്തിയ യാത്രയയപ്പു സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ്.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വിജയന്‍.കെ അദ്ധ്യക്ഷത വഹിച്ചു. ബളാല്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി കളരിക്കല്‍, കോടോം ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍ എം.വി.ജഗന്നാഥ്, എസ്.എം.സി ചെയര്‍മാന്‍ മധു കോളിയാര്‍, എം.പി.ടി.എ പ്രസിഡണ്ട് ചിഞ്ചു ജിനീഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.ശശിധരന്‍ സ്വാഗതവും എസ്.ആര്‍.ജി.കണ്‍വീനര്‍ വി.കെ കൗസല്യ നന്ദിയും പറഞ്ഞു.

No comments