Breaking News

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി; പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം




ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ഉറവിടം തിരിച്ചറിഞ്ഞ് തുര്‍ക്കി ഡ്രോണ്‍. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും സൂചനയുണ്ട്. അപകട സ്ഥലത്തേക്ക് 73 രക്ഷാപ്രവര്‍ത്തകരെ അയച്ചതായി റെഡ് ക്രസന്റ് അറിയിച്ചു. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തുണ്ട്. അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനെയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്. തുര്‍ക്കി ഡ്രോണ്‍ കണ്ടെത്തിയ സ്ഥലത്തേക്ക് രക്ഷാസംഘത്തെ അയച്ചു.



തവാല്‍ പ്രദേശത്താണ് അപകടമെന്ന് ഇറാന്‍ പ്രസ് ടിവി. കാല്‍നടയായി മാത്രമേ അപകടസ്ഥലത്തേക്ക് എത്താന്‍ സാധിക്കുകയുള്ളൂവെന്നും വിവരം. ഇതിനിടെ ഹെലികോപ്ടര്‍ അപകടത്തില്‍ കാണാതായ പ്രസിഡന്റിനും സംഘത്തിനും വേണ്ടി വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി അറിയിച്ചു. രാജ്യത്തിന്റെ ഭരണകാര്യങ്ങളില്‍ തടസ്സവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഔദ്യോഗികവും അനൗദ്യോഗികവുമായ പരിപാടികളെല്ലാം മാറ്റിവെച്ചു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്കണ്ഠ രേഖപ്പെടുത്തി. ഇറാന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും പ്രസിഡന്റിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.


കടുത്ത തണുപ്പുള്ള പ്രദേശത്താണ് അപകടം നടന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വ്യോമ മാര്‍ഗ്ഗമുള്ള പരിശോധന സാധ്യമല്ലെന്നാണ് ഇര്‍ന റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനങ്ങളോ ഹെലികോപ്റ്ററും ഉപയോഗിച്ചുള്ള തിരച്ചിലും സാധ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കരമാര്‍ഗ്ഗമുള്ള തിരച്ചിലാണ് നടക്കുന്നത്. ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനും ഇറാന്റെ തെക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി അടക്കമുള്ളവര്‍ ഇറാനിയന്‍ പ്രസിഡന്റിനൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇറാനിയന്‍ പ്രസിഡന്റിനായി മഷാദ് നഗരത്തിലെ ഇമാം റെസ ദേവാലയത്തില്‍ അടക്കം രാജ്യത്തുടനീളം ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു.

No comments