Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് റിലേ സത്യാഗ്രഹ സമരം തുടർച്ചയായ 500 ദിവസങ്ങൾ പിന്നിടുന്നു


വെള്ളരിക്കുണ്ട് : വടക്കാകുന്ന് മലനിരകൾ വൻകിട ഖനന മാഫിയകളിൽ നിന്നും സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷമായി നടന്നു വരുന്ന പ്രതിഷേധ സമര പോരാട്ടങ്ങളുടെ ഭാഗമായി നടന്നു വരുന്ന റിലേ സത്യാഗ്രഹ സമരം തുടർച്ചയായ 500 ദിവസങ്ങൾ പിന്നിടുന്നു, വടക്കാകുന്ന് മലനിരകൾക്ക് ചുറ്റുമായി കാരാട്ട്, പന്നിത്തടം, ഏറാൻചിറ്റ, കനകപ്പള്ളി, മരുതുകുന്ന്, കൂളിപ്പാറ, തോടൻചാൽ,തുടങ്ങിയ പ്രദേശങ്ങളിലെ

ആയിരകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ആരോഗ്യ പരമായ സ്വസ്ഥ ജീവിതത്തിനും കുടിവെള്ളത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമെല്ലാം ഭീഷണിയാകുന്ന വൻകിട ഖനന പ്രവർത്തനങ്ങൾക്കും ക്രഷർ നിർമ്മാണ പ്രവർത്തനങ്ങൾക്കുമെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിരോധം തീർത്ത് വരികയാണ്, കഴിഞ്ഞ ആറ് വർഷമായി ഇതിനെതിരെ ബന്ധപ്പെട്ടവർക്കു മുൻപിൽ നിരവധി പരാതികൾ ബോധിപ്പിച്ചും മൂവായിരത്തോളം ആളുകൾ അണിനിരന്ന സംരക്ഷണചങ്ങല ഉൾപ്പെടെ നിരവധിപ്രതിഷേധ  സമര പരിപാടികൾ സംഘടിപ്പിച്ചും ഇതിനെതിരെ ജന വികാരം ബോധ്യപ്പെടുത്തിവരികയാണ്,ഉദ്യോഗസ്ഥ തലങ്ങളിൽ സ്വാധീനം ചെലുത്തി നിരവധി നിയമ ലംഘനങ്ങളിലൂടെയാണ് പല അനുമതികളും സ്വന്തമാക്കിയിട്ടുള്ളതെന്നും നിയമ ലംഘനങ്ങളിലൂടെ നൽകിയിട്ടുള്ള അനുമതികൾ റദ്ദ് ചെയ്യണമെന്നും ആവശ്യപെട്ട് നൽകിയ പരാതികളിൽ അന്വേഷണം നടത്തി നിയമ ലംഘനങ്ങൾ ബോധ്യപെട്ടിട്ടുണ്ടെങ്കിലും നടപടികൾ സ്വീകരിക്കാതെ പല അനുമതികളും പുതുക്കി നൽകുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.സബ് കളക്ടറുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ച ഉദ്യോഗസ്ഥർ നിയമ ലംഘനങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്, സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത്  നിലവിലുള്ള നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ട ഓഫീസുകളിൽ പരാതി ബോധിപ്പിച്ചുവെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. സ്റ്റോപ് മെമ്മോ പിൻവലിക്കുന്നതിനായി ഖനന മാഫിയകൾ കോടതിയെ സമീപിച്ചു വെങ്കിലും കോടതി ജില്ലാകളക്ടറുടെയും സംസ്ഥാന പരിസ്ഥിതി സമിതിയുടെയും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്,പ്രദേശം സന്ദർശിച്ച് നിയമ ലംഘനങ്ങൾ ബോധ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ട് മറികടക്കാൻ പ്രദേശത്തെ നിയമ ലംഘനങ്ങൾ പരിഹരിച്ചു എന്ന റിപ്പോർട്ട് നൽകാനാവശ്യമായ സമ്മർദ്ദങ്ങളും ഇടപെടലുകളും സ്വാധീനങ്ങൾ ഉപയോഗിച്ച് നടത്തി വരുന്നതായി ആരോപണമുണ്ട്, ജനങ്ങളുടെ ശക്തമായ പ്രതിഷേധം നിലനിൽക്കെ ഇതേ മലനിരകളിൽ മീറ്ററുകൾക്കുള്ളിൽ മൂന്നോളം വൻകിട കമ്പനികൾ കൂടി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് നീക്കം നടത്തി വരുന്നു,ജനങ്ങളുടെ ജീവനും സ്വസ്ഥമായ ജീവിതത്തിനും കുടിവെള്ളത്തിനുമെല്ലാം പുല്ലുവില പോലും കൽപ്പിക്കാതെ കണ്ണടച്ച് അനുമതികൾ നൽകുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്, ഇതിനെതിരെ പ്രദേശത്തെ ജനങ്ങളുടെ നേതൃത്വത്തിൽ അതി ശക്തമായ പ്രതിഷേധം ഉയർന്നുവരും. സമരത്തിന്റെ അഞ്ഞൂറാം ദിവസത്തിന്റെ ഭാഗമായി 2024 മെയ് 05 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.30 ന് പ്രദേശിക സാംസ്കാരിക കൂട്ടായ്മ കളുടെ നേതൃത്വത്തിൽ നിലവിലുള്ള സാഹചര്യങ്ങളും തുടർ സമര പരിപാടികളും വിശദീകരിക്കുന്നതിനായി വിശദീകരണ യോഗം ചേരും.

No comments