Breaking News

ബേക്കൽ എഎസ്‌ഐയേയും ഡ്രൈവറേയും കൊലപ്പെടുത്താൻ ശ്രമിക്കുകയും വാഹനം അടിച്ചു തകർക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 16 വർഷം തടവും 90000 രൂപ പിഴയും


ബേക്കല്‍ എഎസ്‌ഐയേയും ഡ്രൈവറേയും കത്തി, കല്ല് എന്നിവ കൊണ്ട് കുത്തി മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, പോലീസ് വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവും 90000 രൂപ പിഴയും. 2019 ജനുവരി ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് കളനാട് വെച്ച് പോലീസ് വാഹനം തടഞ്ഞു വെച്ച് എഎസ്‌ഐ ജയരാജന്‍, ഡ്രൈവര്‍ ഇല്‍സാദ് എന്നിവരെ കത്തി കൊണ്ടും, കല്ല് കൊണ്ടും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പോലീസ് വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി ബാര മീത്തല്‍ മാങ്ങാട് കുളിക്കുന്ന് സ്വദേശി കെ.എം അഹമ്മദ് റാഷിദ് (31) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 3 മാസം അധിക തടവും വിധിച്ചു. ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ബേക്കല്‍ ഇന്‍സ്‌പെക്ടറായിരുന്ന വി.കെ വിശ്വംഭരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍ ഹാജരായി.

No comments