Breaking News

ലൈബ്രറി കൗൺസിൽ ഈസ്‌റ്റ് എളേരി പഞ്ചായത്ത് നേതൃസമിതി വിദ്യാർഥികൾക്കായി ബുക്ക്‌മേറ്റ്സ്-2024 സംഘടിപ്പിക്കുന്നു


ചിറ്റാരിക്കാൽ: വായനാ ചാലഞ്ചിനു പിന്നാലെ ലൈബ്രറി കൗൺസിൽ ഈസ്‌റ്റ് എളേരി പഞ്ചായത്ത് നേതൃസമിതി വിദ്യാർഥികൾക്കായി ബുക്ക്‌മേറ്റ്സ്-2024 സംഘടിപ്പിക്കുന്നു. പഞ്ചായത്തിലെ 13 ഗ്രന്ഥശാലകളെ കോർത്തിണക്കി ഇക്കഴിഞ്ഞ അവധിക്കാലത്തു നടത്തിവന്ന കുട്ടികളുടെ വായനാ ചാലഞ്ചിലെ വിജയികളെ പങ്കെടുപ്പിച്ചാണ് 16 നു ഉച്ചയ്ക്ക് 2 നു ചിറ്റാരിക്കാൽ പഞ്ചായത്ത് ഹാളിൽ ചാലഞ്ച് സംഗമം-ബുക്ക്മേറ്റ്സ് 2024 സംഘടിപ്പിക്കുന്നത്. ചാലഞ്ച് പൂർത്തിയാക്കിവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും, ചാലഞ്ചിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച കമ്പല്ലൂർ ജിഎച്ച്എസ്എസിനും, സിആർസി ഗ്രന്ഥശാലയ്ക്കും ഏർപ്പെടുത്തിയ മാത്യു മാഞ്ഞൂർ സ്‌മാരക പുരസ്‌കാരങ്ങളുടെ വിതരണവും ചടങ്ങിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്തോലിയും, പുരസ്കാര വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരനും നിർവഹിക്കും. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി 432 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ 165 പേർ വിവിധ വിഭാഗങ്ങളിലായി നടന്ന ചാലഞ്ചിൽ വിജയികളായി.

No comments