Breaking News

മോദി 3.0; പുതിയ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും, പ്രമുഖരുടെ ഓഫീസുകളിൽ മാറ്റമില്ല



ഡൽഹി: പുതിയ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളായ മന്ത്രിമാർ ഇന്ന് മുതൽ ചുമതല ഏറ്റെടുക്കും. സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച പൂർത്തിയായെങ്കിലും ഇന്നലെ വളരെ വൈകി മാത്രമാണ് മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് വിജ്ഞാപനം ഇറങ്ങിയത്. ഈ സാഹചര്യത്തിലാണ് മന്ത്രിമാർ ചുമതല ഏറ്റെടുക്കാൻ അല്പം വൈകിയത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് സൗത്ത് ബ്ലോക്കിൽ എത്തി അധികാരം ഏറ്റെടുത്തിട്ടുള്ളത്.

കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് അമിത് ഷാ, ധനമന്ത്രിയായി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കർ, പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗ് എന്നിവർ തുടരുന്ന സാഹചര്യത്തിൽ സൗത്ത് ബ്ലോക്കിലെയും നോർത്ത് ബ്ലോക്കിലെയും മന്ത്രിമാരുടെ ഓഫീസുകളിൽ മാറ്റം ഉണ്ടാകില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും വൈകാതെ ചുമതല ഏൽക്കും. മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച വിജ്ഞാപനം ഇറക്കിയ ശേഷവും സുരേഷ് ഗോപി പുതിയ സ്ഥാനലബ്ധിയെ കുറിച്ച് വിശദമായി സംസാരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. സുരേഷ് ഗോപി ടൂറിസം പെട്രോളിയം സഹമന്ത്രിയാകും. ജോർജ് കുര്യൻ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം എന്നീ വകുപ്പുകളിൽ സഹമന്ത്രിയാകും.


റോഡ് ഗതാഗതവും ഹൈവേ വികസനവുമാണ് നിതിൻ ഗഡ്കരിയുടെ വകുപ്പുകൾ. എസ് ജയശങ്കർ വിദേശകാര്യവും അശ്വിനി വൈഷ്‌ണവ് റെയിൽവേയും ഭരിക്കും. അശ്വിനി വൈഷ്‌ണവവിനെ കൂടാതെ അജയ് തംതയും ഹർഷ് മൽഹോത്രയും റോഡ് ഗതാഗത മന്ത്രാലയത്തിലെ രണ്ട് സഹമന്ത്രിമാരായി ചുമതലയേറ്റു. ആരോഗ്യ വകുപ്പ് ബിജെപിയുടെ ദേശീയ അധ്യക്ഷനായ ജെപി നദ്ദയ്ക്കാണ് നൽകിയിട്ടുള്ളത്. മധ്യപ്രദേശിൽ നിന്ന് ഏഴ് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ശിവരാജ് ചൗഹാനാണ് കൃഷി വകുപ്പ്. കൃഷി വകുപ്പിന് പുറമെ ഗ്രാമ വികസനവും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. മനോഹർ ലാൽ ഖട്ടർ നഗരാസൂത്രണവും ധർമേന്ദ്ര പ്രസാദ് വിദ്യഭ്യാസവും എൽജെപിയുടെ മൻസൂഖ് മാണ്ഡവ്യ കായികവും പിയൂഷ് ഗോയൽ വ്യവസായവും കൈകാര്യം ചെയ്യും. ജിതൻ റാം മാഞ്ചി എംഎസ്എംഇ വകുപ്പും രാം മോഹൻ നായ്ഡു വ്യോമയാനവും ഷിപ്പിങ് തുറമുഖ മന്ത്രിയായി സർബാനന്ദ സോനോവാളും അധികാരമേറ്റു. എച്ച് ഡി കുമാരസ്വാമി സ്റ്റീൽ വകുപ്പും ഹർദീപ് സിംഗ് പുരി പെട്രോളിയം വകുപ്പും കൈകാര്യം ചെയ്യും. പീയൂഷ് ഗോയൽ വാണിജ്യവും വ്യവസായവും കൈകാര്യം ചെയ്യും.

No comments