Breaking News

പെരിയ ഇരട്ടക്കൊലക്കേസിന്റെ വിചാരണ പൂർത്തിയായി ; വിധിയുടെ ഭാഗമായി പ്രതികളെ ഇന്ന് ചോദ്യം ചെയ്യും


പെരിയ : കല്യോട്ട് ഇരട്ടക്കൊലക്കേസ് വിചാരണ പൂര്‍ത്തിയായി. വിധിയുടെ ഭാഗമായി പ്രതികളെ ഇന്ന് ചോദ്യം ചെയ്യും.കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതി മുമ്പാകെ പൂര്‍ത്തിയായി. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കൊലക്കേസിലെ വിധി വരുന്നത് ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍ (23), കൃപേഷ് (19) എന്നിവരെ 2019 ഫെബ്രുവരി 17ന് രാത്രി 7.45ഓടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോള്‍ കല്യോട്ട് കണ്ണാടിപ്പാറയില്‍ വച്ച് ഒരു സംഘം ക്രിമിനലുകള്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തി അക്രമിച്ചെന്നാണ് കേസ്. ഏഴ് വര്‍ഷം നീണ്ടുനിന്ന അന്വേഷങ്ങള്‍ക്കും, വിചാരണക്കും ഒടുവിലാണ് വൈകാതെ തന്നെ വിധിവരുന്നത്. ഇന്നലെയാണ് കോടതിയില്‍ കേസ് വിസ്താരം പൂര്‍ത്തിയായത്. വിധിയുടെ ഭാഗമായി പ്രതികളെ ഇന്ന് കോടതിയില്‍ ചോദ്യം ചെയ്യും. കേസില്‍ ആകെ 24 പ്രതികളാണുള്ളത്. എല്ലാവരും തന്നെ സി പി എം പ്രവര്‍ത്തകരും പാര്‍ടിയുടെ വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികളുമാണ്. ഒന്നാം പ്രതി പീതാംബരന്‍ സംഭവം നടക്കുമ്പോള്‍ പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. രണ്ടാം പ്രതി സജീ ജോര്‍ജ് പാര്‍ടി പ്രവര്‍ത്തകനും ഇന്റര്‍ലോക് തൊഴിലാളിയുമാണ്. മൂന്നാം പ്രതി സരേഷ് ചെത്തുതൊഴിലാളിയും രണ്ട് വര്‍ഷമായി പ്രദേശത്ത് താമസക്കാരനുമായിരുന്നു. നാലാം പ്രതി അനില്‍ പെരിയയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അഞ്ചാം പ്രതി ഗിജിന്‍ ഗംഗാധരന്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹപാഠിയാണ്. ആറാം പ്രതി അശ്വിന്‍ ഡ്രൈവറും, ഏഴാം പ്രതി ശ്രീരാജ് ക്വാറി നടത്തിപ്പിലെ സഹായിയുമാണ്. എട്ടാം പ്രതി സുബീഷ് ചുമട്ട് തൊഴിലാളിയാണ്.

No comments