Breaking News

പ്ലസ്‌ വൺ മൂന്നാം അലോട്ട്‌മെന്റിൽ ഇടംനേടിയത്‌ 3,05,554 പേർ


തിരുവനന്തപുരം : ഹയർ സെക്കൻ‍ഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിൽ 3,05,554 പേർ ഇടംനേടി. 82,548 പേർ മൂന്നാം ഘട്ടത്തിൽ പുതുതായി പ്രവേശനം നേടി. രണ്ടാം അലോട്ട്‌മെന്റിൽ 1,38,376 പേർ സ്ഥിര പ്രവേശനവും 84,630 പേർ താൽക്കാലിക പ്രവേശനവുമാണ്‌ നേടിയത്‌. മൂന്ന്‌ അലോട്ട്‌മെന്റിന്‌ ശേഷവും 3588 സീറ്റ്‌ ഒഴിവുണ്ട്‌.അലോട്ട്മെന്റിൽ ഇടംനേടിയവർ 21ന്‌ വൈകിട്ട് അഞ്ചിന്‌ മുമ്പ്‌ സ്‌കൂളുകളിൽ പ്രവേശനം നേടണം. 


www.hscap.kerala.gov.in  എന്ന വെബ്‌സൈറ്റിൽ അഡ്‌മിഷൻ വിവരങ്ങൾ അറിയാം. താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമില്ല. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.സ്‌പോർട്‌സ്‌ ക്വാട്ടയുടെ അവസാന അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു.20ന്‌ വൈകിട്ട്‌ നാലു വരെ പ്രവേശനം നേടാം. മോഡൽ റെസിഡൻഷ്യൽ സ്‌കൂകളിലെ പ്രവേശനത്തിനുള്ള അവസാന അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു.21ന്‌ വൈകിട്ട് അഞ്ച്‌ വരെയാണ്‌ പ്രവേശന സമയം. 


ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിച്ചിട്ടും അലോട്ട്മെന്റ്‌ ലഭിക്കാത്തവർക്ക് അപേക്ഷ പുതുക്കി നൽകാം. അലോട്ട്മെന്റ്‌ ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ നൽകിയതിനാൽ പ്രവേശനം ലഭിക്കാത്തവർക്കും പുതുക്കി സമർപ്പിക്കാം.

No comments