Breaking News

ഐഎഎസ് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്: യൂട്യൂബ് വരുമാനം കൊണ്ട് രാജപുരത്തെ 21 കാരൻ 10 ലക്ഷം രൂപയുടെ ബലെനോ കാറും സ്വന്തമാക്കി


രാജപുരം : ഐഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ലഭിച്ച വരുമാനം കൊണ്ട് 21 കാരന്‍ 10 ലക്ഷം രൂപയുടെ ബലെനോ കാറും സ്വന്തമാക്കി. കാസര്‍ഗോഡ് സ്വദേശിയായ സായൂജ് എസ് ചന്ദ്രനാണ് ഈ ആശയത്തിന് പിന്നില്‍. രാജപുരത്തെ സെന്റ് പയസ് ടെൻത് കോളേജിലെ അവസാന വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിയായ സായൂജ് യുട്യൂബിലെ ഐഎഎസ് കോച്ചിംഗ് ചാനലിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കറന്റ് അഫയേഴ്‌സ്, സിവില്‍ സര്‍വ്വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ചരിത്രം, ഭൂമിശാസ്ത്രം, ജനറല്‍ സ്റ്റഡീസ് എന്നിവയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇദ്ദേഹം പരിശീലനം നല്‍കുന്നത്.


2025 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി സായൂജ് തയ്യാറെടുക്കുന്നുമുണ്ട്. ഐഎഎസ് ഹബ്ബ് മലയാളം എന്ന യുട്യൂബ് ചാനലിലെ വരുമാനം കൊണ്ടാണ് സായൂജ് കാര്‍ സ്വന്തമാക്കിയത്. വെറും ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ച പണം കൊണ്ടാണ് കാർ മേടിച്ചത്. അധ്യാപകര്‍, ക്ലര്‍ക്കുമാര്‍, ഐടി പ്രൊഫഷണല്‍ തുടങ്ങി നിരവധി പേരാണ് സായുജിന്റെ ക്ലാസ്സുകള്‍ സ്ഥിരമായി കേള്‍ക്കുന്നുണ്ട്


സായൂജിന്റെ അച്ഛൻ പി ചന്ദ്രന്‍ ഒരു വിമുക്തഭടനാണ്. അമ്മ സതി ചന്ദ്രന്‍ സാമൂഹിക പ്രവര്‍ത്തകയും എംഎന്‍ആര്‍ഇജിഎസ് സൂപ്പര്‍വൈസര്‍ കൂടിയാണ്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സ്വാമിജിസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സായൂജ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ 2022 ല്‍ നീറ്റ് പരീക്ഷയും സായൂജ് എഴുതി എങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. 2022ലാണ് രാജപുരത്തെ സെന്റ് പയസ് ടെൻത് കോളേജില്‍ ബിഎസ്സി മൈക്രോബയോളജി വിദ്യാര്‍ത്ഥിയാണ് സായുജ്. വീട്ടില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് എങ്കിലും മെഡിക്കല്‍ സയന്‍സിനോട് അടുത്ത് നില്‍ക്കുന്ന വിഷയം പഠിക്കണമെന്നായിരു ആഗ്രഹത്തിലാണ് മൈക്രോ ബയോളജി തെരഞ്ഞെടുത്തതെന്നും സായൂജ് പറഞ്ഞു.


കോളേജിലെത്തിയപ്പോഴേക്കും ഐഎഎസ് മോഹം ഉദിച്ചു. സ്വപ്‌നം നേടുന്നതിന്റെ ഭാഗമായി കഠിനാധ്വാനം ചെയ്യാന്‍ തീരുമാനിച്ചു. ആദ്യപടിയെന്ന നിലയില്‍ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഇ-പേപ്പര്‍ വേര്‍ഷന്‍ വായിക്കാന്‍ ആരംഭിച്ചു. ഡൽഹി എഡിഷൻ ദി ഹിന്ദു, ദി ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രങ്ങളാണ് സായൂജ് വായിച്ചിരുന്നത്. തുടക്കത്തില്‍ പല വാക്കുകളും മനസ്സിലായിരുന്നില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ ഇംഗ്ലീഷ് സിനിമകള്‍ കാണാനും ഇംഗ്ലീഷ് നോവലുകള്‍ വായിക്കാനും തുടങ്ങി. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെയും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെയും പ്രസംഗങ്ങള്‍ പതിവായി കേള്‍ക്കുന്ന ശീലമുണ്ടായിരുന്നുവെന്നും സായുജ് പറഞ്ഞു


2018ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അക്ഷത് ജെയ്‌നാണ് മാതൃക. ഒരു വര്‍ഷത്തെ പഠനം കൊണ്ടാണ് അക്ഷത് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയത്. സോഷ്യോളജിയാണ് സായൂജ് ഐശ്ചിക വിഷയമായി എടുക്കാന്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളും സിലബസും ഏകദേശം പൂര്‍ത്തിയാക്കിയെന്ന് സായൂജ് പറയുന്നു.


ദിവസവും രണ്ട് പത്രം വീതം സായൂജ് വായിക്കാറുണ്ട്. കോളേജില്‍ പോകുമ്പോഴാണ് പത്രം വായിക്കാന്‍ സമയം കിട്ടുന്നത്. കോളേജില്‍ നിന്ന് തിരിച്ചെത്തുമ്പോഴേക്കും രണ്ട് പത്രവും വായിച്ച് തീര്‍ത്തിരിക്കും. വീട്ടിലെത്തിയ ശേഷം പത്രത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ നോട്ടില്‍ എഴുതിവെയ്ക്കും. ശേഷം അവ തന്റെ യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യുമെന്നും സായൂജ് പറഞ്ഞു.


മറ്റെന്തെങ്കിലും ജോലി ചെയ്യുന്നവരോ പ്രൊഫഷണലുകളോ ആണ് സായൂജിന്റെ ക്ലാസിലേക്ക് എത്തുന്നവരില്‍ അധികവും. നോട്‌സ് എഴുതാന്‍ സമയമില്ലാത്തവര്‍ സായൂജിന്റെ നോട്‌സ് നോക്കിയാണ് പഠിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് സായൂജിന്റെ ക്ലാസ്സിലെത്തുന്നവരില്‍ അധികവും. ക്ലാസ്സുകള്‍ക്കായി മാസം 500 രൂപ ഫീസ് സായുജ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആ ഫീസ് നല്‍കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് തന്റെ ക്ലാസ്സുകളുടെ ലിങ്ക് സൗജന്യമായി നല്‍കിവരാറുണ്ടെന്നും സായൂജ് പറയുന്നു.


നിലവില്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്കായി ഫീസ് 1000 രൂപയായി ഉയര്‍ത്തി. എസ് സി ഐഎഎസ് അക്കാദമി എന്നായിരുന്നു സായൂജിന്‍റെ യുട്യൂബ് ചാനലിന്റെ ആദ്യ പേര്. പിന്നീട് ചാനലിന്റെ പേര് ഐഎഎസ് ഹബ്ബ് മലയാളം എന്ന് മാറ്റുകയായിരുന്നു. മലയാളത്തിലാണ് സായൂജ് ക്ലാസെടുക്കുന്നത്. ഒപ്പം ഇംഗ്ലീഷിലുള്ള നോട്‌സും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. ടെലിഗ്രാം ഗ്രൂപ്പ് വഴിയാണ് സായൂജ് നോട്‌സുകള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുന്നത്

No comments