മാലക്കല്ല് സ്വദേശിയായ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം
പരപ്പ : ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. മാലക്കല്ല് സ്വദേശിയായ 35-കാരിയാണ് കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പ്രസവിച്ചത്. കാറിലായിരുന്നു ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചത്. യുവതിയുടെ ആരോഗ്യനില വഷളായതിനെതുടർന്ന് ആംബുലൻസിന്റെ സേവനം തേടി.
കൺട്രോൾ റൂമിൽനിന്ന് അത്യാഹിതസന്ദേശം വെള്ളരിക്കുണ്ടിലെത്തി. ഡ്രൈവർ ഇ. പ്രജീഷ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ കെ.വി. ഗ്രെഷ്മ എന്നിവർ ആംബുലൻസുമായി കുതിച്ചു. തായന്നൂരിൽ എത്തിയപ്പോഴേക്കും അടിയന്തര പരിചരണം ആവശ്യമായിവന്നു. ഗ്രെഷ്മയുടെ നേതൃത്വത്തിൽ പ്രസവത്തിനുള്ള താത്‌കാലിക സജ്ജീകരണങ്ങളൊരുക്കി. പിന്നീട് അമ്മയെയും കുഞ്ഞിനെയും ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.
No comments